രാഹുൽ അഴിക്കുള്ളിൽ തന്നെ; മൂന്നാമത്തെ ബലാത്സംഗക്കേസിൽ ജാമ്യം നിഷേധിച്ച് കോടതി

Saturday 17 January 2026 12:17 PM IST

തിരുവല്ല: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്ക് തിരിച്ചടി. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു. ജസ്റ്റിസ് അരുന്ധതി ദിലീപ് ആണ് ജാമ്യഹർജിയിൽ ഉത്തരവിട്ടത്. വിധിക്കെതിരെ പ്രതിഭാഗം തിങ്കളാഴ്‌ച അപ്പീൽ നൽകും. ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ രണ്ട് മണിക്കൂർ വിശദമായ വാദം കേട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി എം ജി ദേവിയാണ് ഹാജരായത്.

രാഹുലും യുവതിയുമായി പരസ്‌പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നതിന് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പ്രതിഭാഗം ഹാജരാക്കി. എന്നാൽ, പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതി സ്ഥിരം കുറ്റക്കാരനാണെന്നും കൂടുതൽ പരാതികൾ രാഹുലിനെതിരെ വരുന്നുണ്ടെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്.

പ്രതി എംഎൽഎ ആണെന്നും ആവശ്യപ്പെടുന്ന സമയത്ത് കോടതിയിൽ ഹാജരാകുന്ന ആളാണെന്നും കേസ് നിലനിൽക്കുന്നതല്ലെന്നും ജാമ്യം നൽകണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഹാജരായ അഡ്വ. ശാസ്തമംഗലം അജിത്ത് കുമാർ ഇന്നലെ വാദിച്ചിരുന്നു.

എന്നാൽ, പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും വാദിയെ ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നും സെഷൻസ് കോടതിയിൽ വിസ്തരിക്കേണ്ട കേസാണിതെന്നും പറഞ്ഞ് അന്വേഷണ സംഘത്തിന് വേണ്ടി പ്രോസിക്യൂഷൻ ഇന്നലെ ജാമ്യ ഹർജിയെ എതിർത്തു.