അധികാരത്തിന് മുന്നിൽ നിശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദമായി ഇരിയണ്ണി ജിവിഎച്ച്എ‌സ്എസിലെ കുട്ടികൾ

Saturday 17 January 2026 12:28 PM IST

തൃശൂർ: അധികാരത്തിന്റെ ചക്രങ്ങൾക്കിടയിൽ ചതഞ്ഞരയുന്നവന്റെ വിങ്ങലുകൾക്ക് സംസ്ഥാന കലോത്സവത്തിന്റെ നാടക വേദി സാക്ഷിയായി, 'അരണ കടിച്ചാൽ ഉടനെ മരണം' എന്ന നാടൻ ചൊല്ലിനെ സാമൂഹിക വിവേചനത്തിന്റെ രാഷ്ട്രീയമാക്കി മാറ്റി കാസർകോട് ഇരിയണ്ണി ജി.വി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിച്ച 'മരണപ്പാച്ചിൽ, ആ അരണപ്പാച്ചിൽ' നാടകം.

നാലു വർഷമായി കാസർകോടിന്റെ നാടകപ്പെരുമ സംസ്ഥാന വേദികളിലെത്തിക്കുന്ന ഇരിയണ്ണിയുടെ കുട്ടിക്കൂട്ടം ഇത്തവണയും പതിവ് തെറ്റിച്ചില്ല. ശക്തിവേലിന്റെ അനുജനെ അരണ കടിക്കുന്നതും തുടർന്ന് ആ അരണയെ കൊലപ്പെടുത്താൻ ശക്തിവേൽ ഇറങ്ങുന്നതുമാണ് ഇതിവൃത്തം. ഇവിടെ അരണ അധികാരത്തിന് മുന്നിൽ നിശബ്ദനാക്കപ്പെട്ട കീഴാളന്റെ പ്രതീകമാണ്.

മുന്നാക്കക്കാരന്റെയും അധികാരത്തിന്റെയും ഗർവ് ശക്തിവേലായി അരങ്ങിലെത്തിച്ചപ്പോൾ, നിരന്തരം വേട്ടയാടപ്പെടുന്നവന്റെ ശാരീരിക മാനസിക സംഘർഷങ്ങൾ അരണയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തി. അരണയുടെ വിങ്ങലുകൾ അസാമാന്യ മെയ് വഴക്കത്തോടെ അഭിനന്ദ് അവതരിപ്പിച്ചപ്പോൾ, ശക്തിവേലായി അമർനാഥ് വിസ്മയിപ്പിച്ചു. അഭിനന്ദ് കൃഷ്ണ, അനാമിക, വർഷ, അതുൽ, ഋഷികേശ്, കാർത്തിക്, ദീപക് എന്നിവരും പക്വമായ അഭിനയത്തിലൂടെ നാടകത്തിന്റെ മാറ്റുകൂട്ടി.