മറുതത്തെയ്യമായി ഉറഞ്ഞാടി നിരഞ്ജൻ; നിശബ്ദമായി സദസ്
Saturday 17 January 2026 12:35 PM IST
തൃശൂർ: അസാധാരണ മെയ് വഴക്കത്തോടെ മറുതത്തെയ്യമായി നിരഞ്ജൻ അനീഷ് വേദിയിൽ ഉറഞ്ഞാടി, സദസ് നിശബ്ദമായി. രൗദ്രഭാവവും ചടുലതയും ഒന്നുപോലെ ഒത്തുചേർന്ന പ്രകടനത്തിന് തിരശീല താഴ്ന്നപ്പോൾ നിറഞ്ഞ കൈയടിയും ലഭിച്ചു. ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രേഡും സ്വന്തമായി.
ഇടുക്കി വാഴവര ജി.എച്ച്.എസ്.എസിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയാണ് നിരഞ്ജൻ. വെള്ളയാങ്കുടി എഴുത്തുപാറയ്ക്കൽ വീട്ടിലെ പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്നാണ് അരങ്ങിലെത്തിയത്. ഏഴ് വർഷമായി ചിപ്പിയുടെ ശിക്ഷണത്തിലാണ് നൃത്തപഠനം. ടയർ പഞ്ചറൊട്ടിക്കുന്ന ജോലി ചെയ്തുവരുന്ന അനീഷിന്റെയും രശ്മിയുടെയും മകനാണ്. ചേട്ടൻ വൈശാഖ് പ്‌ളസ്ടു വിദ്യാർത്ഥിയാണ്.