അച്ഛനും അമ്മയും ഗുരുക്കന്മാർ; പനിക്കിടക്കയിലും തീർത്ഥയെത്തി

Saturday 17 January 2026 12:44 PM IST

തൃശൂർ: കടുത്ത പനിയും ചുമയുമായാണ് പത്തനം തിട്ട ജി.എച്ച്.എസ്.എസ് കലഞ്ഞൂർ സ്‌കൂളിലെ തീർത്ഥ ബിജു അച്ഛനും അമ്മയും പഠിപ്പിച്ച കവിതയുമായി പദ്യം ചൊല്ലലിനെത്തിയത്. വേദിയിൽ ചെസ്റ്റ് നമ്പർ വിളിച്ചപ്പോൾ ആളങ്ങ് സ്മാർട്ട് ആയി. ചെറു ചൂടുവെള്ളം കുടിച്ച് വേദിയിലെത്തി ഉള്ളൂരിന്റെ 'ആ ചുടലക്കളം' കവിത മനോഹരമായി പാടി. മകളുടെ ശബ്ദമിടരുതേയെന്ന പ്രാർത്ഥനയുമായി അച്ഛൻ ബിജുവും അമ്മ ആശയും വേദിയിലുണ്ടായിരുന്നു.

ഫലമെത്തിയതോടെ തുടർച്ചയായി നാലു വർഷം പദ്യം ചൊല്ലൽ വേദിയിൽ എ ഗ്രേഡ് എന്ന നേട്ടവും തീർത്ഥയ്ക്ക് സ്വന്തം. പ്ലസ് ടു സയൻസ് വിദ്യാർത്ഥിയാണ് ഈ മിടുക്കി. ഇതുവരെയുള്ള വേദികളിലെല്ലാം പോരേടം വിവേകാനന്ദ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പലായ അച്ഛൻ ബിജുവും പത്തനംതിട്ട മാരൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയായ അമ്മ ആശയുമാണ് തീർത്ഥയ്ക്ക് ഗുരുക്കളായത്.

സംഗീതം പഠിച്ചിട്ടില്ലാത്ത ഇരുവരും യുട്യൂബ് നോക്കി പഠിച്ചാണ് ഒഴിവുള്ള വേളകളിലെല്ലാം മകളെ പഠിപ്പിച്ചത്. അടുത്ത ദിവസം നടക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കാവ്യകേളിയിലും തീർത്ഥ മത്സരിക്കുന്നുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇതേ ഇനത്തിൽ തന്നെ സംസ്ഥാനത്ത് എ ഗ്രേഡും ഈ മിടുക്കി നേടിയിട്ടുണ്ട്.