പക്ഷാഘാതം വന്ന് കട്ടിലിൽ ഒതുങ്ങിക്കൂടിയ സിന്ധു എഴുന്നേറ്റത് മകന്റെ ചിലങ്കക്കിലുക്കം കേട്ട്
തൃശൂർ: പക്ഷാഘാതം വന്ന വലതുവശവുമായി കട്ടിലിൽ ഒതുങ്ങിപ്പോയി സിന്ധു. രണ്ട് മാസത്തിന് ശേഷം ആദ്യം എഴുന്നേറ്റത് മകൻ അക്ഷയ് രാജിന്റെ ചിലങ്കക്കിലുക്കം കേട്ട്. തന്റെ തളർച്ച മകന്റെ സ്വപ്നങ്ങൾക്ക് തടസമാകരുതെന്ന് ഉറപ്പിച്ച ആ അമ്മ, വിറയ്ക്കുന്ന കാലുകളോടെ തൃശൂരിലെ കലോത്സവ വേദിയുടെ മുന്നിലെത്തിയപ്പോൾ അക്ഷയ് അവർക്കായി സമർപ്പിച്ചത് വേദനകളുടെ കടമ്പകൾ കടന്ന തകർപ്പൻ പ്രകടനം.
മൂന്ന് വർഷമായി വൃക്കരോഗം വേട്ടയാടുന്ന ശരീരവുമായി, മരുന്നുകൾ നൽകിയ ആശ്വാസത്തിൽ അക്ഷയ് രാജ് ഇന്നലെ ദക്ഷയാഗത്തിലെ സതിയായി. ടാപ്പിംഗ് ജോലിക്ക് അവധി നൽകി ഒപ്പമെത്തിയ ഭർത്താവ് മലനട ഇടയ്ക്കാട് സിന്ധുഭവനത്തിൽ കെ.രാജു തൊട്ടടുത്ത കസേരയിലിരുന്ന സിന്ധുവിനെ ചേർത്തുപിടിച്ചു. കൊല്ലം കടമ്പനാട് കെ.ആർ.കെ.പി.എം.വി.എച്ച്.എസ്.എസിലെ പ്‌ളസ് ടു വിദ്യാർത്ഥിയായ അക്ഷയ് രാജിന് കല അതിജീവനത്തിനുള്ള ഉപാധിയാണ്. അധികനേരം നിൽക്കാനോ നടക്കാനോ വയ്യാത്ത ശാരീരിക അവസ്ഥയിലും കടുത്ത വേദനസംഹാരികൾ കഴിച്ച് അവൻ ചുവടുവച്ചപ്പോൾ കേരള നടനത്തിലും ഭരതനാട്യത്തിലും 'എ' ഗ്രേഡ് തിളക്കം. ഇനി കുച്ചുപ്പുടി മത്സരം കൂടി കഴിഞ്ഞേ മടങ്ങാനാകൂ.
രണ്ട് മാസം മുൻപ് സ്‌ട്രോക്ക് വന്ന് കിടപ്പിലായ സിന്ധു, ഫിസിയോ തെറാപ്പി ചികിത്സയിലാണ്. അഞ്ചലിൽ കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ അക്ഷയ് രാജ് പോകാനൊരുങ്ങിയപ്പോഴാണ് കട്ടിലിൽ നിന്നുമിറങ്ങിയത്. തൃശൂരിൽ സംസ്ഥാന വേദിയിലേക്ക് മകനൊപ്പം വരണമെന്ന ആഗ്രഹത്തിന് മുന്നിൽ അവശതകൾ വഴിമാറി. അച്ഛനും അമ്മയ്ക്കുമൊപ്പം കാറിലാണ് അക്ഷയ് തൃശൂരിലെത്തിയത്. ആറ് വയസുമുതൽ നൃത്തം പഠിക്കുന്നുണ്ട്, കലാമണ്ഡലം രേഖയാണ് ഗുരു. മൂന്നിനങ്ങളിലും കഴിഞ്ഞ മൂന്ന് തവണയായി അക്ഷയ് രാജിന് എ ഗ്രേഡുണ്ട്.