അവന്തികയുടെ ആദ്യ എ ഗ്രേഡ് അച്ഛന്

Saturday 17 January 2026 2:30 PM IST

തൃശൂർ: ചുവടുകൾ പിഴക്കാതിരിക്കാൻ നുറുങ്ങു വിദ്യകളും ഉപദേശങ്ങളുമായി അവന്തികയുടെ കൂടെ ഈ അച്ഛനുണ്ട്. ആ അച്ഛന്റെ കൈ പിടിച്ചാണ് അവൾ വളർന്നതും. എച്ച്.എസ്.എസ് വിഭാഗം കുച്ചുപ്പുടി മത്സരത്തിൽ മനോഹരമായി ചുവടുവെച്ച് കോട്ടയം പാലാ സെൻ്റ് തോമസ് എച്ച്.എസ്.എസിലെ സി.പി അവന്തിക മടങ്ങിയപ്പോൾ ആ അച്ഛന്റെ കണ്ണ് നിറഞ്ഞു.

ഡാൻസിനെ നെഞ്ചിലേറ്റിയെങ്കിലും ജീവിതപ്രാരാബ്ദത്തിൽ കല കൈവിട്ടുപോയ വിഷമം മകളെ വേദിയിലെത്തിച്ചപ്പോൾ അലിഞ്ഞില്ലാതായി. അവന്തിക നേടിയ എ ഗ്രേഡ് അച്ഛനുള്ള ഗുരുദക്ഷിണയുമായി. മൂന്നാം വയസു മുതൽ നൃത്തം അഭ്യസിക്കുന്നുണ്ടെങ്കിലും അവന്തികയ്ക്കിത് ആദ്യത്തെയും അവസാനത്തെയും വേദിയാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം മത്സരിച്ചെങ്കിലും ജില്ലവരെയേ എത്തിയിരുന്നുള്ളു. എൽ.ഐ.സി ഏജന്റ് ആയ അച്ഛൻ പ്രസന്നൻ കടം വാങ്ങിയും ലോൺടുത്തുമാണ് മകളെ നൃത്തം പഠിപ്പിക്കുന്നത്. സഹോദരൻ അനന്ദുവും അമ്മ ഷീബയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.