മംഗലംകളി "ലോകം കണ്ട" ആനന്ദം

Saturday 17 January 2026 2:38 PM IST

തൃശൂർ: മകൻ അദ്വൈത് വേദിയിൽ ആടിത്തിമിർക്കുന്നത് കാണാൻ, ഷീനയും ഭർത്താവ് സുകുമാരനും അതിരാവിലെ തേക്കിൻകാട് മൈതാനിയിലെ വേദി മൂന്നിൽ സീറ്റുറപ്പിച്ചു. കടം വാങ്ങിയും പട്ടിണി കിടന്നും കാശ് സ്വരൂപിച്ചായിരുന്നു തൃശൂർ യാത്ര. പാളത്തൊപ്പിയും മുണ്ടും കുപ്പായവും തോർത്തും ധരിച്ച് തുളു ഭാഷയിലെ വരികൾക്കൊപ്പം മകനും സംഘവും മംഗലം കളിയുമായി ചുവടുവെച്ചപ്പോൾ അവരുടെ മനസ് നിറഞ്ഞൊഴുകി. തൊഴു കൈയോടെ അവർ മന്ത്രിച്ചു ' നീ ഞാളെ ഉയരത്തിലാക്കീല്ലോ'. നിറഞ്ഞ സദസിൽ അവർ എ ഗ്രേഡ് നേടിയപ്പോൾ ഇരട്ടി മധുരം. പാരമ്പര്യമായിക്കിട്ടിയ കലാരൂപം മറ്റുള്ളവർ ആവിഷ്‌കരിക്കുന്നതിന്റെ അഭിമാനം. അടിച്ചമർത്തപ്പെട്ട, മാറ്റി നിറുത്തപ്പെട്ട സമുദായത്തിന്റെ തനത് കല ലോകം കൈയടിയോടെ സ്വീകരിക്കുന്നതിന്റെ സന്തോഷം. കുട്ടിക്കോൽ ട്രൈബൽ ഗ്രാമത്തിലെ ഒരേയൊരു കലാകാരനായ മകനെയോർത്തും അവർ സന്തോഷിച്ചു.

കലോത്സവ ചരിത്രത്തിലാദ്യം

ഹൈസ്‌കൂൾ വിഭാഗം മംഗലം കളിയിലാണ് ജി.എം.ആർ.എസ് വെള്ളച്ചാൽ ട്രൈബൽ സ്‌കൂളിലെ ആൺകുട്ടികൾ ആദ്യമായെത്തി അഭിമാനത്തോടെ മടങ്ങിയത്. കലോത്സവ ചരിത്രത്തിലാദ്യമായാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇവിടത്തെ വിദ്യാർത്ഥികളെത്തുന്നത്. മലവേട്ടുവ, മാവില സമുദായക്കാരായ 113 കുട്ടികളാണ് ഇവിടെയുള്ളത്. സ്‌കൂളിലെ അദ്ധ്യാപകരാണ് മലവേട്ടുവ, മാവില സമുദായക്കാരായ 12 കുട്ടികളെ തെരഞ്ഞെടുത്തത്. പത്ത് പേർ പത്താം ക്‌ളാസിലും രണ്ട് പേർ ഒൻപതിലുമാണ്. കാസർകോടുകാരനായ സതീഷ് ഗുരുനാഥനായെത്തി.

''ഞാളെ നാട്ടില് മാത്രണ്ടായിരുന്നതാ ഇത്. ഇപ്പെ എല്ലാരും കാണേം ആസ്വദിക്കേം ചെയ്യമ്പം ഉള്ളില് സന്തോഷണ്ട്''

ഷീന അദ്വൈതിന്റെ അമ്മ.