അനൂപ് മാഷിന്റെ ആത്മാവിനുവേണ്ടി വൃന്ദവാദ്യം അവതരിപ്പിച്ച് തൃശൂർ വിവേകോദയം സ്കൂളിലെ വിദ്യാർത്ഥി സംഘം
തൃശൂർ: വിഷ്ണുവിന്റെ നേതൃത്വത്തിൽ തൃശൂർ വിവേകോദയം സ്കൂളിലെ വിദ്യാർത്ഥികൾ വൃന്ദവാദ്യം അവതരിപ്പിക്കുന്നതിനായി വേദി തൊട്ടു വന്ദിച്ച് കയറിയപ്പോൾ, അവരെല്ലാം മനസുകൊണ്ട് ഒരാളുടെ പാദവും തൊട്ടു വണങ്ങി, പ്രിയപ്പെട്ട അദ്ധ്യാപകൻ അനൂപിന്റെ. സ്കൂളിലെ വിദ്യാർത്ഥികളെയെല്ലാം കലോത്സവത്തിന് സജ്ജമാക്കിയിരുന്ന ഇംഗ്ലീഷ് അദ്ധ്യാപകൻ അനൂപ് വെളളാറ്റഞ്ഞൂർ (41) കഴിഞ്ഞ ജൂണിൽ സ്വയംമരണത്തെ വരിക്കുകയായിരുന്നു.
ഇലഞ്ഞിക്കൂട്ടം ബാൻഡിന്റെ ഡയറക്ടർ കൂടിയായ അനൂപ് ഇടയ്ക്ക, ഗിത്താർ, ഹാർമോണിയത്തിലുമെല്ലാം കഴിവു തെളിയിച്ചിട്ടുള്ള കലാകാരനാണ്. സ്കൂളിൽ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി പരീശീലനം നൽകും. വാദ്യോപകരണങ്ങൾ സ്വന്തം ചെലവിൽ വാങ്ങും. ഇത്തവണയും കലോത്സവത്തിൽ മിന്നിക്കണമെന്ന് വൃന്ദവാദ്യം ടീമിനോട് പറഞ്ഞിട്ടുപോയ അദ്ധ്യപകൻ എന്നന്നേക്കുമായി വിട്ടുപോയത് കുട്ടികൾക്ക് ഷോക്കായി.
കൂട്ടുകാരനായി മൂത്ത സഹോദരനായി ഒക്കെ പ്രോത്സാഹിപ്പിച്ച അദ്ധ്യാപകന്റെ ആത്മാവിന് സന്തോഷം നൽകാൻ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡിൽ കുറഞ്ഞൊന്നും മതിയാകില്ലെന്ന് കുട്ടികൾക്കറിയാമായിരുന്നു. ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കാതിരുന്നപ്പോൾ കുട്ടികൾ അപ്പീലിനു പോയി സംസ്ഥാന കലോത്സവ വേദി നേടിയെടുക്കുകയായിരുന്നു. ദേവമിത്ര, ഘനശ്യാം, അഭ്യുദയ്, കൃഷ്ണജിത്ത്, ശ്രേയ, അഭിനവ് എന്നിവരാണ് സംഘത്തിലുള്ളത്. രണ്ടാം വേദിയിൽ അനൂപിന്റെ ശിഷ്യരുടെ പ്രകടനം ആസ്വദിക്കാൻ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ എത്തിയിരുന്നു.