ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്; കെഎസ്ഇബിയിൽ വൻ അഴിമതി, വിജിലൻസ് കണ്ടെത്തിയത് 16.5 ലക്ഷം

Saturday 17 January 2026 2:41 PM IST

തിരുവനന്തപുരം: കെഎസ്ഇബിയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തിയെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട് എന്ന പേരിൽ നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് വിജിലൻസ് വൻ ക്രമക്കേട് കണ്ടെത്തിയത്. കരാറുകാരനിൽ നിന്ന് കമ്മിഷൻ ഇനത്തിൽ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബിൽ മാറിക്കൊടുക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് നടപടി.

41 ഉദ്യോസ്ഥർ 16.5 ലക്ഷം രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. കഴിഞ്ഞ അഞ്ച് വർഷം നടത്തിയ കരാർ പ്രവൃത്തികളാണ് വിജിലൻസ് പരിശോധിച്ചത്. പ്രധാന ക്രമക്കേടുകൾ: വലിയ കരാർ ജോലികൾ ടെൻഡർ നടപടികളിൽ നിന്ന് ഒഴിവാക്കാനായി അവയെ ചെറിയ തുകകളുടെ പ്രവൃത്തികളായി വിഭജിക്കുന്നു. ശേഷം ക്വട്ടേഷൻ വഴി ഇഷ്ടക്കാർക്ക് കരാർ നൽകുന്ന രീതിയാണ് ഭൂരിഭാഗം ഓഫിസുകളിലും പിന്തുടരുന്നതെന്ന് വിജിലൻസ് കണ്ടെത്തി.

ഒരേ കരാറുകാരന് തന്നെ വർഷങ്ങളോളം വിവിധ പ്രവൃത്തികളുടെ കരാർ നൽകുന്ന പക്ഷപാതപരമായ നിലപാട് കണ്ടെത്തിയിട്ടുണ്ട്. കരാർ അടിസ്ഥാനത്തിൽ എടുത്തിട്ടുള്ള വാഹനങ്ങളുടെ ലോഗ് ബുക്കുകളിലും ഉപയോഗത്തിലും വലിയ തോതിലുള്ള ക്രമക്കേടുകൾ നടക്കുന്നു. കരാർ പ്രവൃത്തികളുമായി ബന്ധപ്പെട്ട ഫയലുകൾ കൃത്യമായി പരിപാലിക്കുന്നില്ല. കൂടാതെ, ചട്ടപ്രകാരം സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ പലയിടത്തും ലഭ്യമല്ല. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെയും കൃത്യമായ രേഖകൾ സൂക്ഷിക്കാതെയും കെഎസ്ഇബിയിൽ കരാർ ജോലികൾ നടക്കുന്നത് വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് വഴിമാറുന്നു എന്നാണ് വിജിലൻസ് കണ്ടെത്തിയത്.