'ഹോസ്റ്റൽ ജയിൽപോലെ, മകളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി'; സായിയിൽ ജീവനൊടുക്കിയ വിദ്യാർത്ഥിനിയുടെ കുടുംബം

Saturday 17 January 2026 2:44 PM IST

കോഴിക്കോട്: കൊല്ലത്ത് സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ (സായി) ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനികൾ ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കോഴിക്കോട് കടലുണ്ടി പേടിയാട്ടുകുന്ന് രവിയുടെയും സിന്ധുവിന്റെയും മകൾ സാന്ദ്ര (18), തിരുവനന്തപുരം ചെമ്പൂർ മുദാക്കൽ ഇളമ്പതടം വിഷ്ണുഭവനിൽ വേണുവിന്റെയും അനീഷയുടെയും മകൾ വൈഷ്ണവി (15) എന്നിവരെയാണ് വ്യാഴാഴ്ച പുലർച്ചെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാന്ദ്രയുടെ മരണത്തിൽ കുടുംബം പ്രതികരിച്ചിരിക്കുകയാണ്.

മരിക്കുന്നതിന്റെ തലേദിവസം സാന്ദ്ര വിളിച്ചിരുന്നുവെന്നും സായി ഹോസ്റ്റലിൽ ജയിലിൽ ഇട്ട പോലെയായിരുന്നു ജീവിതമെന്നും സാന്ദ്ര പറഞ്ഞിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു. സംഭവത്തിലെ ദുരൂഹത നീക്കാൻ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കു‌ടുംബം ആവശ്യപ്പെട്ടു. 'സ്ഥാപനത്തിൽ തുടരാൻ പറ്റാത്ത സാഹചര്യം ആണെന്ന് പറഞ്ഞിരുന്നു. മുമ്പുണ്ടായിരുന്ന വാർഡൻ സാന്ദ്രയുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ ഒരു മാസം മുമ്പ് ആ വാർഡൻ മാറി. ആ വാർഡനെ വിളിക്കാൻ പാടില്ലെന്ന് സായി ഇൻചാർജ് രാജീവ്‌ വിലക്കി. വിളിച്ചാൽ മോളെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. മകളുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണം'- സാന്ദ്രയുടെ അമ്മ സിന്ധു ആവശ്യപ്പെട്ടു.

അതേസമയം, രണ്ട് വിദ്യാർത്ഥിനികളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം ശക്തമാക്കുമെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു. രക്ഷിതാക്കൾ പൊലീസിന് നൽകിയ മൊഴിയിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സാന്ദ്രയുടെ മൃതദേഹം ഇന്നലെ പാരിപ്പള്ളി മെ‌ഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം പഠിച്ചിരുന്ന കൊല്ലം നഗരത്തിലെ സ്കൂളിൽ പൊതുദർശനത്തിന് വച്ചു. രാത്രി എട്ടരയോടെ കോഴിക്കോട്ടെ വീട്ടിലെത്തിച്ചു. പത്തരയോടെ കടലുണ്ടി ശ്മശാനത്തിൽ സംസ്കരിച്ചു. വൈഷ്ണവിയുടെ സംസ്കാരം വ്യാഴാഴ്ച നടന്നു. സംഭവം അന്വേഷിക്കാൻ കൊല്ലം എ.സി.പി എസ്. ഷെരീഫിന്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ പുഷ്പ കുമാറിന്റെ നേതൃത്വത്തിൽ ആറംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.