മഞ്ജുവാര്യർ ഷൂട്ടിംഗ് തിരക്കിൽ; കലോത്സവേദിയിലെത്തി കഥകളി കലാകാരി കൂടിയായ അമ്മ ഗിരിജ മാധവൻ
തൃശൂർ: നൃത്തകല്യാണി വേദിക്ക് മുൻപിൽ ഒട്ടും ടെൻഷനില്ലാതെയായിരുന്നു ഗിരിജമ്മയുടെ ഇരിപ്പ്. ''എന്തിനാണ് ടെൻഷൻ, മഞ്ജുവിന് മത്സരമൊന്നും ഇല്ലല്ലോ?'' - ചെറുചിരിയോടെ അവർ പറഞ്ഞു. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യരുടെ അമ്മയാണ് ഗിരിജ മാധവൻ. സേക്രഡ് ഹാർട്ട് സ്‌കൂളിലെ വേദിയിൽ ഈ കഥകളി കലാകാരി അതിരാവിലെ തന്നെയെത്തി. നടരാജ കലാലയത്തിലും സുന്ദരനൃത്ത കലാനിലയത്തിലും ഒപ്പം കഥകളിയും തിരുവാതിരയും മോഹിനിയാട്ടവും അഭ്യസിക്കുന്ന ശ്രീദേവി ബാബു, രാജി എന്നിവരും കൂടെയുണ്ടായിരുന്നു.
1992ൽ തിരൂരിലും 1995ൽ കണ്ണൂരിലും മഞ്ജുവാര്യർ സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കുമ്പോൾ അനുഭവിച്ച ടെൻഷനും അവർ പങ്കുവച്ചു. ''ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം മത്സരങ്ങളിൽ അന്ന് മഞ്ജു പങ്കെടുത്തു. ആ സമയമെല്ലാം ടെൻഷനായിരുന്നു. അച്ഛൻ മാധവനാണ് ആശ്വാസവാക്കുകൾ പറഞ്ഞത്.'' - ഭർത്താവ് മാധവന്റെ വിയോഗത്തെക്കുറിച്ച് പറയുന്നതിനിടെ അല്പനേരം നിശബ്ദതയിലായി. ''ഒറ്റപ്പെടലിൽ നിന്നും അതിജീവിക്കാനാണ് ആദ്യം കലയിലേക്ക് തിരിഞ്ഞത്. ഇപ്പോൾ ആശ്വാസവും ആവേശവുമാണ് കലയും നൃത്തവും''
കഴിഞ്ഞ ഏഴ് വർഷമായി കലാനിലയം ഗോപിയാശാന് കീഴിൽ കഥകളി അഭ്യസിക്കുന്നുണ്ട് ഗിരിജ മാധവൻ. കൊവിഡ് കാലത്തെ ഒറ്റപ്പെടലിൽ ഓൺലൈനായി അഭ്യാസം തുടങ്ങിയതാണ്. 2021 മാർച്ച് 9ന് പെരുവനം മഹാദേവ ക്ഷേത്രത്തിൽ കല്യാണസൗഗന്ധികത്തിലെ പാഞ്ചാലിയായിട്ടായിരുന്നു അരങ്ങേറ്റം. കലയുമായി വേദിക്കകത്തും കലോത്സവം പോലുള്ള ഉത്സവങ്ങൾ കാണാൻ വേദിക്ക് മുൻപിലും താനുണ്ടാകുമെന്ന് അവർ പറയുന്നു. ''തൃശൂരിലെത്തിയ കലോത്സവം കാണാൻ ഞായറാഴ്ച വരെ ഞാനുണ്ടാകും. മഞ്ജു എറണാകുളത്ത് ഒരു പരസ്യത്തിന്റെ ഷൂട്ടിലാ.. അതുകൊണ്ട് വീട്ടിലും തിരക്കില്ല. ഭാഗ്യം..!''