പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ ഭരതനാട്യം അവതരിപ്പിച്ച ആദിത്യന്റെ എ ഗ്രേഡിന് അതിജീവനത്തിന്റെ അതിമധുരം

Saturday 17 January 2026 3:17 PM IST

തൃശൂർ: കനൽവഴികൾ താണ്ടി നൃത്തവേദിയിലെത്തിയ ആദിത്യന് ഇത് അതിജീവനത്തിന്റെ മധുരനിമിഷം. ഹൈസ്‌കൂൾ വിഭാഗം കേരള നടനത്തിൽ 'എ' ഗ്രേഡ്. തിരുവനന്തപുരം വെങ്ങാന്നൂർ വി.പി.എസ് മലങ്കര എച്ച്.എസ്.എസിലെ പത്താം ക്‌ളാസ് വിദ്യാർത്ഥിയായ ആദിത്യൻ എം.കുമാറിന്റെ ഓരോ ചുവടിലും പ്രതിഭയ്‌ക്കൊപ്പം പോരാട്ട വീര്യവും നിറഞ്ഞുനിന്നു.

പന്ത്രണ്ട് വർഷം മുൻപ് പ്രവാസിയായിരുന്ന അച്ഛൻ എ.കുമാറിന്റെ മരണം ആദിത്യന്റെ കുടുംബത്തെ ആടിയുലച്ചു. തിരുവല്ലം വണ്ടിത്തടം എം.കെ.ഭവനിൽ അമ്മ മിനിമോൾ ഹോർട്ടികോർപ്പിലെ താത്കാലിക ജോലി ചെയ്താണ് മകന്റെ കലാ സ്വപ്നങ്ങൾക്ക് നിറംകൊടുത്തത്. ഗുരു ജയകൃഷ്ണൻ പേയാട് ഫീസ് വാങ്ങാതെ നൃത്തം പഠിപ്പിച്ചു. സംസ്ഥാന കലോത്സവത്തിൽ ഇത് രണ്ടാം തവണയാണ് ആദിത്യൻ മാറ്റുരയ്ക്കുന്നത്.

കഴിഞ്ഞവർഷം റിപ്പബ്‌ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ ഭരതനാട്യം അവതരിപ്പിക്കാനുള്ള സുവർണാവസരവും ആദിത്യന് ലഭിച്ചിരുന്നു. എൻ.എസ്.എസ് വോളണ്ടിയർ എന്ന നിലയിൽ കേരള ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് എത്തിയ ആദിത്യന് അന്ന് ബെസ്റ്റ് മെഡാലിയൻ അവാർഡും ലഭിച്ചു.