ബലാത്സംഗക്കുറ്റം നിലനിൽക്കും, അന്വേഷണത്തിൽ വീഴ്ചയില്ല; രാഹുലിന് കോടതിയിൽ കനത്തപ്രഹരം, വിധിപ്പകർപ്പ് പുറത്ത്

Saturday 17 January 2026 3:25 PM IST

പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യം നിഷേധിച്ച കോടതി വിധിയുടെ പകർപ്പ് പുറത്ത്. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിന് ജാമ്യം നിഷേധിച്ചത്. ജസ്റ്റിസ് അരുന്ധതി ദിലീപാണ് ഉത്തരവിട്ടത്. രാഹുലിന്റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്.

പരാതി ഗുരുതരമാണെന്നും മുൻപും പ്രതി സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാൽ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാദ്ധ്യതയുണ്ടെന്നുമാണ് കോടതി പറഞ്ഞത്. കേസിലെ നിർണായക തെളിവുകൾ ഇല്ലാതാക്കാൻ സാദ്ധ്യതയുണ്ടെന്നും വിധി പകർപ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമല്ലെന്നും ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇരയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിലുള്ള സൈബർ ആക്രമണം നടക്കുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ മൊഴിയിൽ ഒപ്പില്ലെന്ന വാദമടക്കം കോടതി തള്ളിക്കളഞ്ഞു. ഡിജിറ്റൽ ഒപ്പ് മതിയെന്നും നടപടി ക്രമങ്ങളിൽ വീഴ്ചയില്ലെന്നും കോടതി വ്യക്തമാക്കി.

മൊഴിയുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ കോടതിക്ക് നേരിട്ട് പരാതിക്കാരി ഇ മെയിൽ അയച്ചിരുന്നുവെന്നും തിരുവല്ല മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ഗുരുതര സ്വഭാവമുള്ള കേസുകളിൽ ഓൺലൈൻ വഴി മൊഴിയും ഡിജിറ്റൽ ഒപ്പും മതിയാകുമെന്നും കോടതി ചൂണ്ടിക്കട്ടി. അറസ്റ്റ് നിയമപരമാണെന്നും അന്വേഷണ നടപടിക്രമങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.