നിങ്ങൾ ഇപ്പോഴും അവിവാഹിതരായി തുടരുന്നത് ഈയൊരു കാരണം കൊണ്ടാകാം; പഠനം

Saturday 17 January 2026 3:31 PM IST

വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും പലരും ഇപ്പോഴും സിംഗിൾ ആയി തുടരുന്നത് എന്തുകൊണ്ടായിരിക്കും? ഇതിന് പിന്നിലെ കാരണം തേടിയുള്ള പഠനത്തിലാണ് ശാസ്ത്രലോകം. ഉയർന്ന വിദ്യാഭ്യാസവും മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നതും പങ്കാളിയെ കണ്ടെത്തുന്നതിന് തടസമായേക്കാമെന്നാണ് ഗവേഷകർ പറയുന്നത്.ബ്രിട്ടനിലും ജർമ്മനിയിലുമായി 16മുതൽ 29 വയസ് വരെയുള്ള പതിനേഴായിരത്തോളം യുവാക്കളിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ

ഉയർന്ന വിദ്യാഭ്യാസമുള്ളവർ പ്രണയത്തിലാവാൻ കൂടുതൽ സമയമെടുക്കുമെന്ന് പഠനങ്ങൾ പറയുന്നു. യൂണിവേഴ്സിറ്റി ബിരുദം കഴിഞ്ഞവർക്കിടയിൽ സിംഗിൾ ആയി തുടരാനുള്ള സാദ്ധ്യതകൂടുതലാണ്. മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നവർക്കും തനിച്ച് താമസിക്കുന്നവർക്കും പങ്കാളിയെ കണ്ടെത്താൻ പ്രയാസമാണ്. എന്നാൽ സുഹൃത്തുക്കൾക്കൊപ്പമോ ഫ്ളാറ്റുകൾ പങ്കിട്ട് താമസിക്കുന്നവർക്കോ പങ്കാളിയെ കണ്ടെത്താൻ ഒട്ടേറെ അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.

സന്തോഷക്കുറവും ഏകാന്തത അനുഭവിക്കുന്നവരും അവിവാഹിതരായി തുടരാൻ സദ്ധ്യതകൂടുതലാണ്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരാണ് കൂടുതൽ കാലം സിംഗിൾ ആയി തുടരുന്നതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കൗമാരപ്രായത്തിൽ സിംഗിൾ ആയിരിക്കുന്നത് മാനസികാവസ്ഥയെ ബാധിക്കില്ലെങ്കിലും, ഇരുപതുകളുടെ അവസാനം എത്തുമ്പോഴും പങ്കാളിയെ കണ്ടെത്താൻ കഴിയാത്തവരിൽ ഏകാന്തതയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും വർദ്ധിക്കുന്നതായി ഗവേഷകർ പറയുന്നു. എന്നാൽ ഒരു ബന്ധത്തിലേക്ക് കടക്കുന്നതോടെ ഇവരുടെ മാനസികാരോഗ്യം മെച്ചപ്പെടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.

പഠനത്തിലെ മറ്റൊരു രസകരമായ കണ്ടെത്തൽ കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന സിംഗിൾസ് തങ്ങളേക്കാൾ പ്രായം തോന്നിക്കുന്ന പങ്കാളികളെയാണ് തിരഞ്ഞെടുക്കുന്നത് എന്നതാണ്. പ്രായക്കൂടുതൽ തോന്നിക്കുന്നവർ മാനസിക സ്ഥിരതയുള്ളവരാണെന്ന തോന്നലാണ് ഇതിന് പിന്നിലെ കാരണം.