സൂര്യകുമാർ യാദവിനെതിരായ വ്യാജപ്രചാരണം; നടി ഖുഷി മുഖർജിക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്

Saturday 17 January 2026 4:08 PM IST

മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ട്വന്റി-20 ക്യാപ്ടൻ സൂര്യകുമാർ യാദവിനെതിരെ അപകീർത്തി പരാമർശം നടത്തിയ നടി ഖുഷി മുഖർജി നിയമകുരുക്കിൽ. ഫൈസാൻ അൻസാരിയെന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നടിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായാണ് റിപ്പോർട്ടുകൾ. സൂര്യകുമാർ യാദവ് നടിക്ക് നിരന്തരം മെസേജുകൾ അയക്കാറുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഖുഷിക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്.

നടിയുടെ വാദം വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നും ദേശീയ താരത്തിന്റെ ഖ്യാതി നശിപ്പിക്കാനാണ് ഖുഷി ശ്രമിക്കുന്നതെന്നും ഫൈസാൻ അൻസാരി ആരോപിച്ചു. മുംബയിൽ നിന്ന് ഗാസിപ്പൂരിലെത്തിയാണ് അദ്ദേഹം പരാതി നൽകിയത്. താരത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കിയതിന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. ഉടനടി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും വിഷയം ലോകത്തിലെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും അൻസാരി പറയുന്നു. അതേസമയം നടിയുടെ പരമാർശത്തിൽ ക്രിക്കറ്റ് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

ഒരു അഭിമുഖത്തിനിടെ ക്രിക്കറ്റ് താരങ്ങളുമായി ഡേറ്റിംഗിന് താല്പര്യമുണ്ടോ എന്ന ചോദ്യത്തിനാണ് ഖുഷി വിവാദപരമായ മറുപടി നൽകിയത്. 'എനിക്ക് ക്രിക്കറ്റ് താരങ്ങളുമായി ഡേറ്റിംഗിന് താല്പര്യമില്ല. ഒരുപാട് ക്രിക്കറ്റ് താരങ്ങൾ എന്റെ പിന്നാലെയുണ്ട്. സൂര്യകുമാർ യാദവ് എനിക്ക് നിരന്തരം മെസേജുകൾ അയക്കാറുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ തമ്മിൽ വലിയ സംസാരമില്ല. അദ്ദേഹത്തിന്റെ പേരിനൊപ്പം എന്റെ പേര് കേൾക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല,' എന്നായിരുന്നു നടിയുടെ വാക്കുകൾ.

വിവാദം വൈറലായതോടെ വിശദീകരണവുമായി നടി രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും സൂര്യകുമാറുമായി പ്രണയബന്ധമില്ലെന്നും അവർ പറഞ്ഞു. മുൻപ് സൗഹൃദത്തോടെ മാത്രമാണ് സംസാരിച്ചിട്ടുള്ളതെന്നും, തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും നടി അവകാശപ്പെട്ടു. സൂര്യകുമാറിനും ഇന്ത്യൻ ടീമിനും വരാനിരിക്കുന്ന ലോകകപ്പിന് എല്ലാവിധ ആശംസകളും നേരുന്നതായും ഖുഷി കൂട്ടിച്ചേർത്തു.