നൂറുമേനി കൊയ്തെടുക്കാൻ ശ്രീനിവാസൻ ഇനിയില്ല
തൃപ്പൂണിത്തുറ: വർഷങ്ങളായി പൊന്നുവിളയുന്ന പുന്നച്ചാലിൽ പാടശേഖരത്തെ ഇത്തവണത്തെ കൊയ്ത്തുത്സവത്തിന് ആവേശം പകരാൻ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഉണ്ടാകില്ല. കണ്ടനാട് പാടശേഖരത്തിൽ നെൽക്കതിരുകൾ വിളഞ്ഞുനിൽക്കുമ്പോൾ, പഴയ കഥകൾ പങ്കുവയ്ക്കാനെത്തിയിരുന്ന പ്രിയ നാട്ടുകാരന്റെ വിയോഗം ഉൾക്കൊള്ളാൻ കൃഷിക്കാർക്ക് സാധിക്കുന്നില്ല. 2 ഏക്കറിൽ ശ്രീനിവാസൻ വിത്തിട്ട് തുടങ്ങിയ കൃഷി ഇന്ന് 60 ഏക്കറിലെത്തി നിൽക്കുന്നു.
പാടശേഖരത്തിന് നടുവിലൂടെ കുതിച്ചുപായുന്ന ട്രെയിൻ മനോഹര കാഴ്ചയൊരുക്കുന്ന ഇവിടെ നെല്ലിന് പുറമെ വെള്ളരി, കുമ്പളം, പയർ, വെണ്ട, ചീര, തണ്ണിമത്തൻ, പടവലം എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വിളവെടുക്കുന്ന പച്ചക്കറികൾ അപ്പപ്പോൾ തന്നെ നാട്ടുകാർ വാങ്ങും. ഇതിനടുത്തുള്ള സൂര്യകാന്തി തോട്ടവും പ്രധാന ആകർഷണമാണ്.
ശാരീരിക അസ്വസ്ഥതകൾ കാരണം ശ്രീനിവാസൻ വിത ഉത്സവത്തിന് എത്തിയിരുന്നില്ല. അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ മകൻ ധ്യാൻ ശ്രീനിവാസനാണ് അന്ന് നാട്ടുകാർക്കൊപ്പം വിത പൂർത്തിയാക്കിയത്. പാടത്തെ നെൽക്കതിരുകൾ ചൊവ്വാഴ്ച കൊയ്തെടുക്കുമെന്ന് സാജു കുര്യനും മനു ഫിലിപ്പും പറഞ്ഞു.
കൊയ്ത്തുത്സവത്തിന് ശേഷം എറണാകുളം ലയൺസ് ക്ലബുമായി സഹകരിച്ച് ശ്രീനിവാസന്റെ ഗ്രാനൈറ്റ് പ്രതിമ പാടശേഖരത്തിന് അരികെ സ്ഥാപിക്കും. ശ്രീനിവാസൻ പണം മുടക്കി നവീകരിച്ച കുളക്കരയിൽ പാടത്തേക്ക് നോക്കിനിൽക്കുന്ന രൂപത്തിലാകും പ്രതിമയെന്ന് സുഹൃത്തും കർഷകനുമായ മനു ഫിലിപ്പ് അറിയിച്ചു.