ചുവപ്പുനാടയിൽ കുരുങ്ങി പൂത്തോട്ട നാലുവരിപ്പാത
തൃപ്പൂണിത്തുറ: എറണാകുളം - കോട്ടയം യാത്ര സുഗമമാക്കാനും ഗതാഗതക്കുരുക്കും അപകടങ്ങളും കുറയ്ക്കാനുമായി വിഭാവനം ചെയ്ത എസ്.എൻ ജംഗ്ഷൻ - പൂത്തോട്ട നാലുവരിപ്പാത പദ്ധതി അനിശ്ചിതത്വത്തിൽ. തൃപ്പൂണിത്തുറയെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാത വികസിപ്പിക്കാൻ 2021ൽ സ്ഥലം ഏറ്റെടുക്കൽ നിർദ്ദേശം ജില്ലാ കളക്ടർക്ക് സമർപ്പിച്ചെങ്കിലും 4 വർഷം പിന്നിട്ടിട്ടും നടപടികൾ പൂർത്തിയായിട്ടില്ല. സാമൂഹിക ആഘാത പഠനം നടത്തി വിദഗ്ദ്ധ സമിതി അംഗീകാരം നൽകിയെങ്കിലും ഭൂമി ഏറ്റെടുക്കൽ എങ്ങുമെത്തിയില്ല.
പുതുക്കിയ ഡി.പി.ആറും അലൈൻമെന്റും ലഭിക്കാത്തതാണ് അധിക ഭൂമി ഏറ്റെടുക്കാൻ തടസം. നിലവിലെ പദ്ധതിയിൽ ബസ് ബേ, ജംഗ്ഷൻ വികസനം എന്നിവ കൂടി ഉൾപ്പെടുത്തിയതോടെയാണ് ഡി.പി.ആർ പുതുക്കേണ്ടി വന്നത്. 23.4 കിലോമീറ്റർ നീളത്തിൽ റോഡ് വികസിപ്പിക്കാൻ 300 കോടി രൂപയുടെ ഭരണാനുമതിയും ഭൂമി ഏറ്റെടുക്കാൻ 450 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
കിഫ് ബി തീരുമാനപ്രകാരം നിർമ്മാണം രണ്ട് ഘട്ടങ്ങളിലായി. ഒന്നാം ഘട്ടത്തിൽ പ്രവൃത്തികൾ എസ്.എൻ ജംഗ്ഷൻ മുതൽ പുത്തൻകാവ് വരെയും രണ്ടാം ഘട്ടത്തിൽ പുത്തൻകാവ് മുതൽ പൂത്തോട്ട വരെയും. ഇരുവശത്തും കാനയും നടപ്പാതയും ഉൾപ്പെടെ 22 മീറ്റർ വീതിയിലായിൽ റോഡ് നിർമ്മാണം. പദ്ധതിക്കായി നടമ വില്ലേജിൽ 463 സെന്റ് സ്ഥലം ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് ഉത്തരവിട്ടെങ്കിലും തുടർനടപടികൾ ഫയലിലുറങ്ങുന്നു.
നാലുവരിപ്പാതയുടെ നിർമ്മാണം പൂർത്തിയായാൽ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനൊപ്പം നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ എന്നിവയുമായുള്ള ബന്ധം മെച്ചപ്പെടുകയും ചെയ്യും. ദേശീയപാതാ നിലവാരത്തിലുള്ള വികസനം മേഖലയ്ക്ക് മുതൽക്കൂട്ടാകുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഈ മന്ത്രിസഭയുടെ കാലത്ത് പദ്ധതി യാഥാർത്ഥ്യമാകില്ലെന്ന് ഉറപ്പായി.
1 നീളം 13.4 കിലോമീറ്റർ, വീതി 22 മീറ്റർ
2 13.2 ഹെക്ടർ ഭൂമി ഏറ്റെടുക്കണം.
3 നിർമ്മാണം രണ്ട് ഘട്ടങ്ങളിലായി
4 നിർമ്മാണം കിഫ് ബി ഫണ്ട് ഉപയോഗിച്ച്
5 നിർമ്മാണ ഏജൻസി കേരള റോഡ് ഫണ്ട് ബോർഡ്
തീരദേശ ഹൈവേയും ആയി ബന്ധപ്പെട്ട സർവേ നടത്തുന്ന ടീമിനെ പിൻവലിച്ചതിനാൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ്. നാലുവരി പാത യാഥാർത്ഥ്യമാകും.
കെ ബാബു
എം.എൽ.എ