ജീവനക്കാരി പി.ടി.എ ഫണ്ട് തട്ടിയ കേസ്: പൊലീസ് അന്വേഷണം പ്രിൻസിപ്പലിലേക്ക്
കൊച്ചി: ചെക്കിൽ വ്യാജ ഒപ്പിട്ട് എറണാകുളത്തെ പ്രമുഖ സർക്കാർ സ്കൂളിന്റെ പി.ടി.എ ഫണ്ട് താത്കാലിക ജീവനക്കാരി തട്ടിയെടുത്ത കേസിൽ പൊലീസ് അന്വേഷണം ഹയർ സെക്കൻഡറി പ്രിൻസിപ്പലിലേക്ക്. ഉടൻ ചോദ്യം ചെയ്യും. അന്വേഷണത്തിൽ പ്രിൻസിപ്പലിന്റെ പങ്ക് സംശയിക്കപ്പെട്ട സാഹചര്യത്തിലാണിത്. കഴിഞ്ഞ ദിവസം വിളിപ്പിച്ചെങ്കിലും ഹാജരായില്ലെന്നാണ് അറിയുന്നത്. അറസ്റ്റിലായ താത്കാലിക ജീവനക്കാരി ഷെറീനയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയത് 54 കാരനായ പ്രിൻസിപ്പലായിരുന്നു. ചെക്കിൽ പ്രിൻസിപ്പലിന്റെ വ്യാജ ഒപ്പിട്ട് ജീവനക്കാരി പി.ടി.എ ഫണ്ടായ 4 ലക്ഷം തട്ടിയത് കേരളകൗമുദിയാണ് പുറത്തു കൊണ്ടുവന്നത്. ജീവനക്കാരി അറസ്റ്റിലായതിനു പിന്നാലെ പ്രിൻസിപ്പൽ അവധിയിൽ പ്രവേശിച്ചു. എത്ര ദിവസത്തെ അവധിയാണെന്ന വിവരം സ്കൂൾ പുറത്തുവിട്ടിട്ടില്ല. അവധിയിലാണെന്ന വിവരം പൊലീസിനെയും പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. നിലവിൽ ഇദ്ദേഹത്തിനെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണു വിവരം.
കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ വരെ ഏഴ് ചെക്കുകളാണ് എറണാകുളത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശിനി ഷെറീന വ്യാജ ഒപ്പിട്ട് മാറിയെടുത്തത്. രണ്ടുവർഷം മുമ്പ് പി.ടി.എ മുൻകൈയെടുത്ത് നിയമിച്ച ജീവനക്കാരിയാണിവർ. കൂടുതൽ പണം നഷ്ടമായിട്ടുണ്ടെന്നാണ് സൂചന. കുട്ടികളുടെ ആവശ്യത്തിനായുള്ള പണമെടുക്കാൻ ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ചെക്കുമായി ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്ന് അറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരി പലപ്പോഴായി പണം പിൻവലിച്ചത് വ്യക്തമായത്. തുടർന്ന് പ്രധാനാദ്ധ്യാപിക വിവരം ഹയർ സെക്കൻഡറി പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വിവരം സ്കൂളിൽ ചർച്ചയായതോടെ പരാതി നൽകി. 16ന് പൊലീസ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തു.
പ്രിൻസിപ്പലിന്റെ ഓഫീസിനോട് ചേർന്നായിരുന്നു യുവതിയുടെ ജോലിസ്ഥലം. ചെക്കുകളും മറ്റ് രേഖകളും വയ്ക്കുന്ന ഇടങ്ങളെക്കുറിച്ച് ഇവർക്ക് അറിവുണ്ടായിരുന്നു. സ്കൂൾ ആവശ്യങ്ങൾക്കായി ബാങ്കിൽ പോകുമ്പോഴാണ് ചെക്കുകൾ നൽകി പണം കൈക്കലാക്കിയിരുന്നത്. പൊലിസ് ഇന്നലെ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പ്രതിക്ക് ഇടക്കാല ജാമ്യം നൽകിയ കോടതി അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദ്ദേശം നൽകിയിരുന്നു.