അടിച്ചു ടീച്ചറേ എ ഗ്രേഡ്, കിട്ടി മക്കളേ 10,000 !
തൃശൂർ: ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ട് മത്സരഫലം പ്രസിദ്ധീകരിച്ചതോടെ കാസർഗോഡ് നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ സന്തോഷം കൊണ്ട് ആർത്തുവിളിച്ചു, അദ്ധ്യാപകരെ കെട്ടിപ്പിടിച്ചു. അപ്പീലോടെയെത്തി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന തലത്തിൽ വഞ്ചിപ്പാട്ടിന് എ ഗ്രേഡ് നേടുന്നത്. ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ വഞ്ചിപ്പാട്ട് സംഘത്തേക്കാൾ കൂടുതൽ പോയിന്റ് നേടിയതോടെ അപ്പീൽ നൽകാൻ കെട്ടിവച്ച 10,000 രൂപയോടെയാണ് കാസർഗോഡേക്ക് മടങ്ങുന്നത്. കഴിഞ്ഞ തവണ അപ്പീൽ നൽകിയെങ്കിലും സംസ്ഥാന തലത്തിൽ പങ്കെടുക്കാനായില്ല. ആഗസ്റ്റ് മുതലാണ് പരിശീലനം ആരംഭിച്ചത്.ഭാഷാശൈലിയിലെ വ്യത്യാസം കാരണം വഞ്ചിപ്പാട്ടിൻ്റെ വരികൾ പഠിക്കാൻ തുടക്കത്തിൽ അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പതിയെ പാട്ടിനെ വരുതിയിലാക്കി. കുമാരനാശാന്റെ കരുണയിൽ ബുദ്ധ സന്യാസിയായ ഉപഗുപ്തനെ കാത്തിരിക്കുന്ന വാസവദത്തയെ വർണിക്കുന്ന ഭാഗമാണ് സംഘം അവതരിപ്പിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥികളായ നുഹ ഫാത്തിമ, ഫാത്തിമത്ത് ഷഹനാസ്, ആസിയ ഫർഹത്ത്, ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ പി.കെ.ധ്രുവി, ഷിഫാന ഷെയ്ഖ്, ഫാത്തിമത്ത് സെൽവ, ഖദീജത്ത് നാജിയ, എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ആയിഷ സഭ, ഫാത്തിമത്ത് ഫർസീന, പി.എസ്.ഖദീജ എന്നിവരടങ്ങിയതാണ് സംഘം. സജി തൃശൂരാണ് പരിശീലകൻ.