എച്ച്.എം.ടി - എൻ.എ.ഡി റോഡ് ടെൻഡർ നടപടിയിലേക്ക്
കളമശേരി: സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണത്തിന്റെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട എച്ച്.എം.ടി - എൻ.എ.ഡി ഭാഗം ടെൻഡർ നടപടികളിലേക്ക്. സാങ്കേതികാനുമതി ലഭിച്ചതായി കളമശേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി പി. രാജീവ് അറിയിച്ചു. എച്ച്.എം.ടി റോഡ് മുതൽ രണ്ടു ഭാഗങ്ങളായി എച്ച്.എം.ടി ഭൂമിയിലും എൻ.എ.ഡി ഭൂമിയിലുമുള്ള നിർമ്മാണമാണ് ആരംഭിക്കുന്നത്. എൻ.എ.ഡിയുടെ 2.4967 ഹെക്ടർ ഭൂമി 23.11 കോടി രൂപ നൽകിയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. എച്ച്.എം. ടി ഭൂമിക്കായി സുപ്രീംകോടതി നിർദ്ദേശമനുസരിച്ച് 37.91 കോടി രൂപ ബാങ്കിൽ നിക്ഷേപിച്ചു. ഇതോടെ എൻ.എ.ഡിയുടെയും എച്ച്.എം.ടിയുടെയും ഭൂമി, നിർമ്മാണച്ചുമതലയുള്ള ആർ.ബി.ഡി.സി.കെയ്ക്ക് കൈമാറി. ഈ ഭൂമിയിൽ റോഡ് നിർമ്മാണത്തിനുള്ള സാങ്കേതികാനുമതിയാണ് ലഭിച്ചത്.
എച്ച്.എം.ടി റോഡ് മുതൽ എയർപോർട്ട് വരെയുള്ള 14.4 കി. മീറ്ററിൽ ഉൾപ്പെടുന്നതാണ് എച്ച്.എം.ടി - എൻ.എ.ഡി ഭാഗം. ഇത് പൂർത്തിയാകുമ്പോൾ എച്ച്.എം.ടി കോളനി പ്രദേശത്ത് സ്വകാര്യ ഭൂമി ഏറ്റെടുത്ത് 2021ൽ നിർമ്മിച്ചിരുന്ന 1.9 കി.മീ റോഡുമായി സീപോർട്ട് എയർപോർട്ട് റോഡിനെ ബന്ധിപ്പിക്കും.