15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്,​ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാൻ ഗൾഫ് രാജ്യം

Saturday 17 January 2026 8:01 PM IST

മനാമ: സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകൾ കുട്ടികൾ ദുരുപയോഗിക്കുന്നത് തടയാൻ നിയമനിർമ്മാണത്തിന് ഗൾഫ് രാജ്യമായ ബഹ്റൈൻ ഒരുങ്ങുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ 15 വയസിന് താഴെയുള്ള കുട്ടികൾ അക്കൗണ്ട് തുടങ്ങുന്നത് നിരോധിക്കുന്നതിനുള്ള പുതിയ ബിൽ കൗൺസിൽ ചർച്ചയ്ക്കെടുക്കുമെന്നാണ് റിപ്പോ‌ർട്ടുകൾ,​ ഇതിനായി 2012ലെ 37-ാം നമ്പർ കുട്ടികളുടെ നിയമത്തിൽ മാറ്റം വരുത്താനാണ് സർക്കാർ നീക്കം.

പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ 15 വയസ് പൂർത്തിയാകാത്ത കുട്ടികൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ അനുമതി ലഭിക്കില്ല. അതേസമയം 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്ക് സോഷ്യൽ മ ീഡിയ അക്കൗണ്ടുകൾ തുടങ്ങാൻ വിലക്ക് ഉണ്ടാകില്ല. കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ ബന്ധപ്പെട്ട പ്ലാറ്റ്ഫോമുകളിൽ വരാതിരിക്കാൻ വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

എന്നാൽ പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എല്ലാ പ്രായത്തിലുമുളഅള കുട്ടികൾക്ക് അക്കൗണ്ട് തുടങ്ങാം. ഏതെല്ലാം പ്ലാറ്റ്ഫോമുകൾ നിയമപരിധിയിൽ കൊണ്ടുവരണം എന്ന കാര്യം വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിക്കും. ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനായി പ്രത്യേക രീതികളും നിയമ ലംഘിക്കുന്നവർക്കെതിരെയുള്ള ശിക്ഷാനടപടികളും പ്രത്യേകമായി നിശ്ചയിക്കും. ശൂറ കൗൺസിൽ രണ്ടാം ഡെപ്യൂട്ടി ചെയർപേഴ്‌സൺ ഡോ. ജിഹാദ് അൽ ഫദലിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഈ ഭേദഗതി സമർപ്പിച്ചത്.