ഉണ്ണി അല്ല രാജാവാണ്
സിനിമയും ജീവിതവും പറയുകയാണ് ഉണ്ണിരാജ
കാസർകോട് ഭാഷയുടെ ബ്രാൻഡ് അംബാസഡറായി സിനിമയിൽ തിളങ്ങി ഉണ്ണി രാജ. ചെറിയ വേഷത്തിൽ നിന്ന് തുടങ്ങിയ അഭിനയയാത്ര. പ്രധാന കഥാപാത്രമായി അവിഹിതത്തിൽ അടുത്തിടെ പ്രേക്ഷകരെ നിറയെ ചിരിപ്പിച്ചു. . സുരേന്ദ്രൻ പയ്യാനക്കൽ സംവിധാനം ചെയ്ത പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം സിനിമയിൽ നായകനായി ഉണ്ണിരാജ തിയേറ്ററിലുണ്ട്.
ആദ്യ നായക വേഷം
പുഷ്പാംഗദന്റെ ഒന്നാം സ്വയംവരത്തിൽ പ്രധാന വേഷമാണ് തന്നത്. എന്നെ നായകനാക്കണമെന്ന് ഒരിക്കലും സുരേന്ദ്രൻ ചേട്ടനോട് പറഞ്ഞില്ല. പല കാരണം പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കിലും എന്റെ സൗകര്യംനോക്കി ഒരു മാസം കാത്തിരുന്നു. യാദൃശ്ചികമായി വന്ന നായക വേഷമായാണ് ഇതിനെ കാണുന്നത്. അവിഹിതം സിനിമയിലും പ്രധാനവേഷം തന്നെ അവതരിപ്പിച്ചു.
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തുതന്നെയണ് മുന്നോട്ടുവന്നത് . സിനിമയിൽ അഭിനയിക്കണമെന്നോ നടനാവണമെന്നോ സ്വപ്നത്തിൽ ഉണ്ടായിരുന്നതല്ല. നാടകവും കലോത്സവവുമായിരുന്നു ഇഷ്ടം. പഠിക്കുന്ന സമയത്ത് നാടകത്തിന് ഒന്നാംസ്ഥാനം ലഭിച്ചിട്ട് സബ്‌ജില്ല കലോത്സവം വന്നപ്പോൾ ഞങ്ങളിൽ പലരെയും ഒഴിവാക്കി. ജീവിതത്തിൽ ആദ്യമായി ആഗ്രഹിച്ച വേഷമായിരുന്നു അത്. പക്ഷേ അതിന് ഭാഗ്യം ഉണ്ടായില്ല. ചിലപ്പോൾ സാമ്പത്തികം നോക്കി കുട്ടികളെ തിരഞ്ഞെടുത്തതുക്കൊണ്ടാവും ഞങ്ങളെ ഒഴിവാക്കിയത്.
ഹാസ്യനടനെ കണ്ടെത്തിയവർ
മറ്റൊരാളെ ചിരിപ്പിക്കാൻ കഴിയുന്നത് വളരെ പ്രയാസമായ ഒന്നാണ്. എന്നിലെ ഹാസ്യ നടനെ കണ്ടെത്തിയത് സുഹൃത്തുക്കളാണ്. പണ്ട് നാട്ടിൻ പുറത്ത് നടക്കുമ്പോൾ എന്തെങ്കിലും തമാശകൾ പറയുന്ന സമയത്ത് കൂട്ടുകാരെല്ലാവരും പൊട്ടിച്ചിരിക്കുമായിരുന്നു. അങ്ങനെ അവരാണ് എനിക്ക് പ്രോത്സാഹനം തന്നത്.
മറിമായത്തിൽ നിന്നാണ് തുടക്കം. ഉണ്ണി എന്ന കഥാപാത്രത്തിലൂടെ നാട്ടിൻപുറത്തുകാരനെ അഭിനയിച്ച് ഫലിപ്പിച്ച് പ്രേക്ഷകരുടെ മനസിൽ ഇടംപിടിക്കാൻ സാധിച്ചു. ചെറുപ്പത്തിൽ പട്ടിണിയും ദാരിദ്രവും ആയിരുന്നു . ഇരുപത് രൂപ ഇല്ലാത്തതിനാൽ സ്കൂളിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ പോകാൻ കഴിഞ്ഞില്ല. കുറച്ചുനാൾ മുമ്പ് മുഖ്യ അതിഥിയായി ജയിൽ ദിനത്തിൽ അവിടേക്ക്പോയി. എല്ലാം കാലത്തിന്റെ മാറ്റം. ജീവിതത്തിൽ ഇതുവരെ ഒന്നും സ്വപ്നം കണ്ടില്ല,ഒന്നും ആഗ്രഹിച്ചിട്ടുമില്ല. അതിനാൽ പ്രതീക്ഷിക്കാതെ ജീവിതത്തിൽ വരുന്നതെല്ലാം എപ്പോഴും സന്തോഷം തരുന്നു.
കലോത്സവ പരിശീലകൻ
പത്താംക്ളാസ് കഴിഞ്ഞപ്പോൾ സ്കൂൾ കലോത്സവ വേദികളിൽ പരിശീലകനായി പോയി . ചെറിയ നാടകങ്ങൾ എഴുതി തയ്യാറാക്കി കുട്ടികളെ പഠിപ്പിച്ചു . ഞങ്ങൾ തന്നെയാണ് കുട്ടികളെ ഒന്നാംസ്ഥാനം കിട്ടിക്കഴിഞ്ഞാൽ ജില്ലയിലേക്കും സംസ്ഥാന മത്സരത്തിനും കൊണ്ടുപോയിരുന്നത് . പൈസ ഇല്ലാത്തതിന്റെ പേരിൽ ഒരുകുട്ടിയേയും മാറ്റിനിറുത്തിയില്ല. കാരണം എനിക്ക് അങ്ങനെ ഒരു അനുഭവം വന്നപ്പോൾ അത് എത്രമാത്രം വേദനിപ്പിച്ചെന്ന് നന്നായി അറിയാം.
കേരള സംഗീത അക്കാഡമിയുടെ മൂന്ന് അമച്വർ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. നാടകം പഠിപ്പിച്ചിട്ടുമുണ്ട് . വിവാഹം കഴിഞ്ഞപ്പോൾ നാടകംഅവസാനിപ്പിച്ച് ഗൾഫിൽ പോകാൻ വീട്ടിൽനിന്ന് സമ്മർദ്ദമുണ്ടായി.അങ്ങനെ പാസ്പോർട്ട് എടുത്തു. പക്ഷേ അതൊന്നും നടന്നില്ല. എന്നാൽ എടുത്ത പാസ്പോർട്ട് വെറുതേയായില്ല. നാടകം അവതരിപ്പിക്കുന്നതിന് പുറത്തേക്ക് പോകാൻ ഇത് ഉപകാരപ്പെട്ടു. അത്യാവശ്യം സാമ്പത്തികം ആയപ്പോൾ കുറച്ച് സ്ഥലം വാങ്ങി.അത് അമ്മയെക്കൊണ്ടുപോയി കാണിച്ചു. പണ്ട് ഞങ്ങളെ വളർത്തുന്നതിന് പണിചെയ്തിരുന്നത് ഇവിടെയാണെന്ന് അമ്മ പറഞ്ഞത് ഹൃദയം നുറുങ്ങുന്ന വേദന തന്നു.
കാസർകോട് ശൈലി
കാസർകോടിന്റെ ഭാഷ ശൈലി ചാനലിലും സിനിമയിലും ആദ്യമായി കൊണ്ടുവരാൻ കഴിഞ്ഞു. സിരിയലിലും സിനിമയിലും അച്ചടിഭാഷ നിറഞ്ഞുനിന്ന കാലത്ത് കാസർകോടിന്റെ നാടൻശൈലി വന്നപ്പോൾ എല്ലാവർക്കും അത് നന്നായി ഇഷ്ടപ്പെട്ടു. ചിലവാക്കുകൾ കേൾക്കുമ്പോൾ പലർക്കും ചിരി വരുമായിരുന്നു. എന്നാൽ ഇപ്പോൾ മിക്ക സിനിമകളിലും സാധാരണ നാട്ടിൻപ്പുറം ശൈലിയാണ് കൊണ്ടുവരാൻ ശ്രമിക്കുന്നത്.
ചെറുവത്തൂർ ആണ് നാട്. പണ്ട് എല്ലാ വെള്ളിയാഴ്ചയും അമ്മയും ഞങ്ങൾ മക്കളും അച്ഛനും അമ്മൂമ്മയുംകൂടി പാക്കനാർ തിയേറ്രറിൽ സെക്കന്റ് ഷോ കാണാൻ ചൂട്ട് കത്തിച്ച് പോകുമായിരുന്നു. ആ നാട്ടിൽ രാത്രിനേരത്ത് ചൂട്ട് കത്തിച്ച് സിനിമ കാണാൻ പോകുന്ന ഏക വീട്ടുകാർ ഞങ്ങളായിരുന്നു. അത്രയും താത്പര്യമായിരുന്നു വീട്ടുകാർക്കും എനിക്കും സിനിമയോട്.