പുതുവർഷത്തിൽ ആദ്യ നായികയായി നിഖില വിമൽ; വിധി അനുകൂലം

Sunday 18 January 2026 12:15 AM IST

പതിന്നാലു തവണ കല്യാണപെണ്ണിന്റെ വേഷത്തിൽ നിഖില വിമൽ. കല്യാണം കഴിച്ച് റെക്കോഡിട്ട പെണ്ണിന്റെ കഥപറയുന്ന പെണ്ണ് കേസ് ഫെബിൻ സിദ്ധാർത്ഥിന്റെ സംവിധാനത്തിൽ പ്രേക്ഷകർക്ക് മുൻപിൽ ഏറെ ചിരി സമ്മാനിക്കുന്നു. വിവാഹ തട്ടിപ്പ് നടത്തി മുങ്ങുന്ന നിഖിലയുടെ രോഹിണി എന്ന കഥാപാത്രം വേറിട്ടു നിൽക്കുന്നു. പുതുവർഷത്തിൽ ആദ്യം റിലീസ് ചെയ്ത മലയാള ചിത്രമായി പെണ്ണ് കേസ് മാറുമ്പോൾ നായിക കുപ്പായം അണിഞ്ഞ നിഖില വിമൽ സംസാരിക്കുന്നു.

പെണ്ണ് കേസിലെ പെണ്ണിനെ അറിയുമോ ?

എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും വാർത്തകളിൽ ഇവർ ഇടംപിടിക്കാറുണ്ട്. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപപ്പെട്ടതാണ് പെണ്ണ് കേസ്. വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ടനിരവധി കേസുകൾ ഇന്ത്യയിൽതന്നെയുണ്ട്. കേസി​ൽ ഉൾപ്പെട്ട വരെക്കുറി​ച്ച് അറി​യുകയും പഠി​ക്കുകയും ചെയ്തു. കല്യാണതട്ടി​പ്പ് നടത്തുന്ന പെൺ​കുട്ടി​യുടെ കഥ പറയുന്ന സി​നി​മ ഇതി​നുമുൻപ് വന്നി​ട്ടി​ല്ല. കഥ കേട്ടപ്പോൾ തന്നെ താത്പര്യം തോന്നി​. അങ്ങനെ പെണ്ണ് കേസി​ന്റെ ഭാഗമാകുകയും ചെയ്തു.

ടൈറ്റി​ൽ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ പുതുമ തോന്നുന്നുണ്ടോ?പേര് പെണ്ണ് കേസ് എന്നാണെങ്കിലും ഒരുപാട് നടന്മാരുണ്ട്. അവർക്ക് എല്ലാം പ്രാധാന്യമുണ്ട്. ഇത് ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയായി തോന്നിയില്ല. ഒരുപാട് ആളുകളുടെ പ്രശ്നങ്ങൾ പറയുന്ന സിനിമ. അങ്ങനെ മാത്രമേ ഞാൻ ഇതിനെ കാണുന്നുള്ളു. സ്ത്രീപക്ഷത്തെക്കുറിച്ച് പെണ്ണ് കേസ് പറയുന്നതുപോലുമില്ല.

കബനി മുതൽ രോഹിണി വരെ എത്തിനിൽക്കുന്ന കഥാപാത്രങ്ങളെപോലെ ജീവിതത്തിലുംലക്ഷ്യബോധവും കാഴ്ചപ്പാടും സൂക്ഷിക്കാറുണ്ടോ? സിനിമ നടിയാകണമെന്നത് എന്റെ ലക്ഷ്യമോ ആഗ്രഹമോ ആയിരുന്നില്ല. സിനിമയിൽ എത്തിയശേഷം കഥാപാത്രമായി മാറണമെന്നും മെച്ചപ്പെടുത്തണമെന്നും വിചാരിക്കാറുണ്ട്. അതിനുവേണ്ട പരിശ്രമം നടത്താറുണ്ട്. ഞാൻ ഇങ്ങനെ ഒഴുകി നടക്കുന്ന പ്രകൃതമുള്ള ആളാണ്. ഇതായിരിക്കണം പ്ളാൻ. ഇങ്ങനെ ചെയ്യണം എന്നൊന്നും വിചാരിക്കാറില്ല. കബനിയോട് നടത്തിയ സമീപനം തന്നെയായിരുന്നു രോഹിണിയോട്. ഇതിൽ കൂടുതലും കുറവും സംഭവിച്ചിട്ടില്ല.

പത്തുവർഷത്തെ അഭിനയ യാത്രയിൽ സിനിമ എങ്ങനെ ഗ്രൂം ചെയ്തു?

നല്ല രീതിയിൽ തന്നെ ഗ്രൂം ചെയ്തു. സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങനെയൊന്നും ആകില്ലെന്ന് തോന്നുന്നു. എന്റെ ശബ്ദം കേൾക്കുന്നു, എന്നെ തിരിച്ചറിയുന്നു, അംഗീകരിക്കുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ ഞാൻ നന്നായി മുൻപോട്ട് പോകണമെന്ന ചിന്ത ഉണ്ടാകുന്നു. വീട്ടിൽ മാത്രം നിൽക്കുന്ന ആളായിരുന്നെങ്കിൽ ചുറ്റും നടക്കുന്നതിനെപ്പറ്റി അത്ര ബോധവതിയാകണമെന്നില്ല. ആ ലോകത്ത് മാത്രം ഒതുങ്ങി നിന്നാൽ മാത്രം. സിനിമയിലായതുകൊണ്ടാണ് ഞാൻ എന്ന വ്യക്തിയുടെ പ്രസക്തി ഉണ്ടാകുന്നതും ചില കാര്യത്തെപ്പറ്റി സംസാരിക്കുന്നതും. കുറച്ചുപേരെങ്കിലും അത് കേൾക്കുന്നതും . അത് എല്ലാം എനിക്ക് സിനിമ തന്നതാണ്. മുൻപ് അന്തർമുഖയായ വ്യക്തിയായിരുന്നു. എന്റെ ഇൗ സ്വഭാവത്തെ സാമൂഹികമായ ഇടപെടലുകൾ ചെറിയ രീതിയിലെങ്കിലും മാറുന്നതിന് സഹായിച്ചിട്ടുണ്ട്.

അന്യഭാഷയിൽ അഭിനയിക്കുമ്പോൾ മലയാളത്തെ വ്യത്യസ്തമാക്കുന്നത് എന്ത്?

എല്ലാവരുമായി ചേർന്ന് നിൽക്കുന്ന കഥയും കഥാപരിസരവും ആണ് മലയാളത്തിൽ . മറ്റു ഭാഷയിൽ ആഘോഷ സിനിമകൾ ഉണ്ടാകുന്നുണ്ട്. വലിയ ഫൈറ്റും വലിയ പാട്ടും എല്ലാം നിറയുന്ന ബ്രഹ്മാണ്ഡ സിനിമകൾ.മലയാളത്തിൽ വല്ലപ്പോഴുമായിരിക്കും ഇത്തരം സിനിമകൾ. അല്ലാതെ എത്തുന്ന സിനിമകൾ എല്ലാം പ്രേക്ഷകരോട് നേരിട്ട് കഥ പറയുന്നതും അവർക്ക് ആസ്വദിക്കാൻ കഴിയുന്നതുമാണ്. എന്നാൽ അഭിനയം എല്ലാഭാഷയിലും ഒരേപോലെ തന്നെയാണ്.

വാഴൈയിലെ പോലെ ഗ്രാമീണ കഥാപാത്രങ്ങൾ കൂടുതൽ സ്വീകാര്യത നേടി എന്ന് തോന്നുന്നുണ്ട്?പ്രേക്ഷകർക്ക് എന്നെ അത്തരം കഥാപാത്രത്തിൽ കാണാനാണ് കൂടുതൽ ഇഷ്ടം. മലയാളത്തിൽ ദി പ്രീസ്റ്റ്, അരവിന്ദിന്റെ അതിഥികൾ, ജോ ആന്റ് ജോ എന്നീ സിനിമയിലെ കഥാപാത്രങ്ങളോട് പ്രേക്ഷകർക്ക് കുറച്ചുകൂടി ഇഷ്ടം കാണിക്കുന്നുവെന്ന് തോന്നുന്നുണ്ട്.തമിഴിലും ഇങ്ങനെ തന്നെ സംഭവിക്കുന്നു. വാഴൈയിലെ കഥാപാത്രത്തെപ്പറ്റി ഇപ്പോഴും ആളുകൾ സംസാരിക്കുന്നു. സ്നേഹിക്കുന്നു.

പുതുവർഷം നൽകുന്ന പ്രതീക്ഷ എന്ത് ?

നന്നായി തന്നെ മുൻപോട്ട് പോകാൻ കഴിയണം. വലിയ പ്ളാൻ ഒന്നുമില്ല. ഇപ്പോൾ പോകുന്ന ഫ്ളോ ഇതേപോലെ നന്നായി തന്നെ പോകട്ടെ. തമിഴിലും മലയാളത്തിലുമായി അനന്തൻകാട് വരുന്നു. അണലി, ഐസ് എന്നീ വെബ് സീരിസുകൾ . ധൂമകേതു ചിത്രീകരണം ആരംഭിച്ചു. ഇത് കഴിഞ്ഞ് ഒരു തമിഴ് പ്രോജക്ട് . അതിന്റെ സംസാരം നടക്കുന്നു.