കോർപ്പറേറ്റ് ഉത്പന്നങ്ങൾക്ക് 'കെ-ഇനം' ബദലാകും: മന്ത്രി രാജേഷ്

Sunday 18 January 2026 12:35 AM IST

കുടുംബശ്രീയുടെ 30 പുതിയ ഉത്പന്നങ്ങൾ വിപണിയിൽ

നെടുമ്പാശേരി: കുടുംബശ്രീയുടെ 'കെ-ഇനം" മൂല്യവർദ്ധിത ഉത്പന്നങ്ങൾ ആഗോള വിപണിയിൽ കോർപ്പറേറ്റ് ബ്രാൻഡുകൾക്ക് ബദലാകുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നെടുമ്പാശേരിയിൽ കുടുംബശ്രീയുടെ 'കെ-ഇനം" ബ്രാൻഡിൽ തയ്യാറാക്കിയ 30 ഭക്ഷ്യവിഭവങ്ങളുടെ വിപണനോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ കുടുംബശ്രീയെ പ്രാപ്തമാക്കും. കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാമിലൂടെ (കെ-ടാപ്) ഒരു വർഷത്തിനുള്ളിൽ ഇത്രയേറെ ഉത്പന്നങ്ങൾ തയ്യാറാക്കിയത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

കെ-ടാപ് പദ്ധതിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും, യുക്തി സ്റ്റാർട്ടപ് ശൃംഖലയുടെയും തദ്ദേശീയ മേഖലയിലെ 'ട്രൈബാൻഡ്' തുടങ്ങിയവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

അങ്കമാലി നഗരസഭ അദ്ധ്യക്ഷ റീത്താ പോൾ, റോജി എം. ജോൺ എം.എൽ.എ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ്, കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, പ്ളാനിംഗ് ബോർഡ് അംഗം ഡോ. ജിജു പി. അലക്സ് തുടങ്ങിയവർ പങ്കെടുത്തു.