ലോക സാമ്പത്തിക ഫോറം :സംഘത്തെ മന്ത്രി രാജീവ് നയിക്കും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ആഗോള തലത്തിൽ പരിചയപ്പെടുത്തുന്നതിനായി നാളെ മുതൽ 23 വരെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ ഔദ്യോഗിക ഉന്നതതല സംഘം പങ്കെടുക്കും.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായ വാണിജ്യ അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ പി. വിഷ്ണുരാജ് എന്നിവരും അഞ്ചംഗ സംഘത്തിൽ ഉൾപ്പെടുന്നു.
വ്യാവസായിക രംഗത്ത് സംസ്ഥാന സർക്കാർ കൊണ്ടുവന്ന പരിവർത്തനാത്മക മാറ്റങ്ങൾ ദാവോസിൽ പ്രദർശിപ്പിക്കുകയും 'ഉത്തരവാദിത്തമുള്ള നിക്ഷേപം, ഉത്തരവാദിത്തമുള്ള വ്യവസായം' എന്ന ബ്രാൻഡ് ഇമേജ് ശക്തിപ്പെടുത്തുകയും ചെയ്യും.സാങ്കേതിക വിദ്യ, നൈപുണ്യം, പരിസ്ഥിതി അനുകൂല വ്യവസായ രീതികൾ എന്നിവ സംയോജിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാൻ നിക്ഷേപിക്കുന്നതെങ്ങനെയെന്ന് ദാവോസിൽ എടുത്തുകാണിക്കുമെന്ന് മന്ത്രി പറഞ്ഞു.