മത്സ്യക്കുഞ്ഞ് ഉത്പാദനത്തിൽ വീണ്ടും ഒന്നരക്കോടിയിലേക്ക് മലമ്പുഴ

Sunday 18 January 2026 1:43 AM IST

പാലക്കാട്: തുടർച്ചയായ മൂന്നാം വർഷവും ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുത്ത് മലമ്പുഴ മത്സ്യക്കുഞ്ഞ് ഉത്പ്പാദനകേന്ദ്രം. ഏപ്രിൽ ഒന്നുമുതൽ ഇതുവരെ 1.27 കോടി മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇവിടെ ഉത്പാദിപ്പിച്ചത്. മാർച്ച് 31ന് മുമ്പ് ലക്ഷ്യം കൈവരിച്ചാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച കേന്ദ്രമെന്ന ബഹുമതി വീണ്ടും മലമ്പുഴയെ തേടിയെത്തും. ഒരുവർഷം ഒന്നേമുക്കാൽ കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് സംസ്ഥാന മത്സ്യവകുപ്പിന് കീഴിലെ കേന്ദ്രത്തിന്റെ ലക്ഷ്യം. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിൽ ഒന്നരക്കോടി മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ചിരുന്നു. കാർപ്പ് മത്സ്യങ്ങളായ കട്ല, രോഹു, മൃഗാല, സൈപ്രനസ്, ഗ്രാസ് കാർപ്പ് തുടങ്ങിവയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇത്തവണ കോമൺ കാർപ്പ് എന്ന് അറിയപ്പെടുന്ന സൈപ്രിനസ് കാർപ്പിയോയാണ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിച്ചതും വിറ്റഴിച്ചതുമായ മത്സ്യം,​ 48 ലക്ഷം. 46.1 ലക്ഷം ഉത്പാദനമുണ്ടായ രോഹു ആണ് രണ്ടാം സ്ഥാനത്ത്. 14.7 ലക്ഷം മൃഗാല, 14.2 ലക്ഷം കട്ല, 4.62 ലക്ഷം ഗ്രാസ് കാർപ്പ് എന്നിങ്ങനെയാണ് മറ്റ് മത്സ്യങ്ങൾ. സംസ്ഥാനത്തെ എല്ലാ ജില്ലയിലേക്കും മലമ്പുഴയിലെ മത്സ്യങ്ങൾ ഇതിനോടകം എത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ മാത്രം 60 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. കൂടുതൽ മത്സ്യങ്ങളും വിറ്റുപോകുന്നത് സംസ്ഥാനത്തെ ജനകീയ മത്സ്യകൃഷി പദ്ധതിയിലൂടെയാണ്. സ്വകാര്യവ്യക്തികളും ധാരാളം മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങുന്നുണ്ട്. കടലപ്പിണ്ണാക്ക്, തവിട്, കടല എന്നിവ ചേർന്ന മിശ്രിതമാണ് മത്സ്യങ്ങളുടെ ഭക്ഷണം.

5.44 ഹെക്ടറിൽ 163 കുളങ്ങളാണ് മലമ്പുഴ കേന്ദ്രത്തിലുള്ളത്. മാതൃമത്സ്യങ്ങൾക്ക് അഞ്ച് മില്ലിമീറ്റർ, കുഞ്ഞുങ്ങൾക്ക് നാല് മില്ലിമീറ്റർ എന്നിങ്ങനെയാണ് ദിവസത്തിൽ ഭക്ഷണം നൽകുന്നത്. പ്രസവിച്ച് 45 ദിവസത്തിനുശേഷമാണ് ആവശ്യക്കാർക്ക് കുഞ്ഞുങ്ങളെ നൽകുക. കട്ലയ്ക്കും രോഹുവിനും 60 പൈസയും മൃഗാല, സൈപ്രനസ്, ഗ്രാസ് കാർപ്പ് എന്നിവയ്ക്ക് 40 പൈസയുമാണ് വില. ആവശ്യക്കാർക്ക് ഒരു സെന്റ് കുളത്തിന് 30 കുഞ്ഞുങ്ങളെവരെ നൽകും.