'വയനാട് ദുരന്തബാധിതർക്ക് ധനസഹായം തുടരും'; വാടകപ്പണവും നൽകുമെന്ന് മന്ത്രി

Saturday 17 January 2026 8:44 PM IST

തൃശൂർ: വയനാട് ചൂരൽ മലയിൽ ദുരന്തബാധിതർക്ക് നൽകിവന്ന ധനസഹായം ഡിസംബർ മാസത്തോടെ അവസാനിപ്പിച്ചെന്ന വാർത്ത തെറ്റാണെന്ന് റവന്യു മന്ത്രി കെ രാജൻ. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന തീയതിവരെ സഹായം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിലായിരുന്നു ഇതുസംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചത്.

'ദുരന്തബാധിതർക്ക് അവരുടെ ജീവനോപാധികൾ തടസപ്പെടുന്ന സാഹചര്യത്തിൽ പ്രാഥമികമായി മൂന്ന് മാസം വരെ ദുരന്തനിവാരണ ഫണ്ടിലെ പണം ഉപയോഗിച്ച്, ഒരു കുടുംബത്തിലെ രണ്ട് മുതിർന്ന അംഗങ്ങൾക്ക് ദിവസം 300 രൂപ വീതം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. 2024 ഓഗസ്റ്റ് മുതൽ ഈ പണം നൽകിവരുന്നുണ്ട്. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി ഈ തുക നൽകി.

ആദ്യം ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും ഈ തുക നൽകി. അതിനുശേഷം ജീവനോപാധിയില്ലാതെ കഷ്ടപ്പെടുന്ന അർഹരായവരെ കണ്ടെത്തുകയും തുക നൽകുകയും ചെയ്തു. 656 കുടുംബങ്ങളിലെ 1185 ആളുകൾക്കാണ് പണം നൽകിയത്. ജനുവരി മാസത്തിൽ നൽകാനുള്ള തുകയുടെ ഉത്തരവ് ഈ മാസമാണ് പുറത്തിറക്കുക. ഉത്തരവ് ഉടൻ ഇറങ്ങും.

ധനസഹായം നൽകുന്നതിൽ മാത്രം 15.64 കോടി രൂപയാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്. വീട് നഷ്ടമായി വാടകവീട്ടിൽ കഴിയുന്നവരെ സഹായിക്കുന്നതിനായി 2024 ഓഗസ്റ്റിൽ 813 പേർക്ക് 6000 രൂപ വീതം വാടകപ്പണം നൽകി. പിന്നീട് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോയി. ബാക്കിയുണ്ടായിരുന്ന 425 പേർക്ക് ഡിസംബർ മാസവും വാടകപ്പണം കൊടുത്തു. ഇത്രയും കാലമായി ജനങ്ങളെ സഹായിക്കുന്നതിൽ ഒരു കുറവും സർക്കാർ വരുത്തിയിട്ടില്ല'- മന്ത്രി വ്യക്തമാക്കി.