മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ; ഭൂമി ഏറ്റെടുക്കാൻ 35.43 കോടി രൂപ അനുവദിച്ചു
പാലക്കാട്: സൂക്ഷ്മ ജലസേചന പദ്ധതിയായ മൂലത്തറ വലതുകര കനാൽ വരട്ടയാർ മുതൽ വേലന്താവളം വരെ ദീർഘിപ്പിക്കാനുള്ള ഭൂമി ഏറ്റെടുക്കാൻ 35.43 കോടി രൂപ അനുവദിച്ചു. നിലവിൽ മൂലത്തറ മുതൽ വരട്ടയാർ വരെയുള്ള ഒന്നാംഘട്ടം 90 ശതമാനം പൂർത്തിയായി. ഉടൻ കമ്മിഷൻ ചെയ്യും. രണ്ടാംഘട്ടത്തിലാണ് വേലന്താവളംവരെ നീട്ടുന്നത്. ഇതിനായി 2087.97 സെന്റ് ഭൂമി ഏറ്റെടുക്കും. 400 കോടി രൂപയാണ് രണ്ടാംഘട്ട നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക സൂക്ഷ്മ ജലസേചന മാർഗമാണ് യാഥാർത്ഥ്യമാവുക. പദ്ധതിയുടെ 95 ശതമാനം പൂർത്തിയായി.
മഴനിഴൽ പ്രദേശങ്ങളിൽ ജലമെത്തിക്കുന്ന നൂതനമായ വിദേശ മോഡലാണ് കിഴക്കൻ മേഖലയിലെ മൂന്ന് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് 6.92 കിലോമീറ്റർ നീളത്തിൽ വടകരപ്പതിയിലേക്ക് നിർമ്മിക്കുന്നത്. ഒന്നാംഘട്ടത്തിന് കിഫ്ബിയിൽ നിന്ന് അനുവദിച്ച 262.5 കോടി വിനിയോഗിച്ചാണ് പണി പൂർത്തിയാകുന്നത്. 112 പില്ലറുകൾ, പാറതുരന്നുള്ള ടണൽ എന്നിവയിലൂടെയാണ് 10 മീറ്റർ വീതിയിൽ കനാൽ നിർമ്മിക്കുന്നത്. 450 മീറ്റർ ടണൽ നിർമ്മാണം പൂർത്തിയായി. മൂലത്തറയിൽ നിന്ന് വരട്ടയാർവരെ സ്വാഭാവികമായി ഒഴുകുന്ന കനാലാണ് നിർമ്മിച്ചത്. അതിനാൽ ഏറ്റക്കുറച്ചിലില്ലാതെ സമാന്തരമായാണ് കനാൽ കടന്നുപോകേണ്ടത്. ഡ്രിപ്പ് ഇറിഗേഷൻ വഴി 70 ശതമാനം ജലം ലാഭിക്കാനും വിളവ് ഇരട്ടിയാക്കാനും ഉയരം കൂടിയ ഭാഗങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ വഴി വെള്ളമെത്തിച്ച് 3575 ഹെക്ടർ ഭൂമിയിൽ സുസ്ഥിര ജലസേചനം ഉറപ്പാക്കാനും സാധിക്കും. ഒന്നാംഘട്ടം കമ്മിഷൻ ചെയ്യുന്നതോടെ നാലായിരത്തോളം ഹെക്ടർ കൃഷിക്ക് സമൃദ്ധമായി വെള്ളം ലഭിക്കും. രണ്ടാംഘട്ടം പൂർത്തിയായാൽ കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലെ പതിനായിരത്തോളം ഹെക്ടർ കൃഷിഭൂമിക്ക് വെള്ളം സുലഭമാകും. പറമ്പിക്കുളം-ആളിയാർ നദീജല കരാർ പ്രകാരം തമിഴ്നാട്ടിൽ നിന്ന് കിട്ടുന്ന വെള്ളം മൂലത്തറയിൽ സംഭരിച്ചാണ് വലതുകര കനാൽ (ആർ.ബി.സി - റൈറ്റ് ബാങ്ക് കനാൽ) വഴി മൂന്ന് പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്നത്. കനാൽ ഇല്ലാത്തതിനാൽ വടകരപ്പതി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലേക്ക് വെള്ളം എത്തിക്കാനുള്ള പ്രയാസത്തിനും ഇതോടെ പരിഹാരമാകും. കനാൽ കടന്നുപോകുന്ന വഴികളിൽ സൂക്ഷ്മ ലിഫ്റ്റ് ഇറിഗേഷൻ വഴി കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കും. പദ്ധതിപ്രദേശത്തെ 14 കുളങ്ങളും നിറയ്ക്കും. ഈ കുളങ്ങൾ നവീകരിക്കാനും പദ്ധതിയിൽ തുക വകയിരുത്തി.