നില മെച്ചപ്പെടുത്തി എറണാകുളം
ആദ്യ അഞ്ചിലെത്താൻ മൂന്ന് പോയിന്റ് കൂടി
തൃശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം സമാപന ദിവസത്തിലേക്ക് കടക്കുമ്പോൾ നിലമെച്ചപ്പെടുത്തി എറണാകുളം ജില്ല. തിരുവനന്തപുരത്ത് നടന്ന 63-ാമത് കലോത്സവത്തിൽ 900ലേറെ പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്ന ജില്ല ഇത്തവണ ഇന്നലെ വൈകിട്ട് എട്ടു മണിയുടെ പോയിന്റ് നില പ്രകാരം 902 പോയിന്റോടെ ഏഴാം സ്ഥാനത്താണ്.
ആദ്യ അഞ്ചിലെത്താൻ ആറു പോയിന്റിന്റെ വ്യത്യാസം മാത്രം. 905 പോയിന്റോടെ മലപ്പുറവും 907 പോയിന്റോടെ കൊല്ലവുമാണ് ആറ്, അഞ്ച് സ്ഥാനങ്ങളിൽ. ഹൈസ്‌കൂൾ വിഭാഗത്തിൽ 438ഉം ഹയർസെക്കൻഡറി വിഭാഗത്തിൽ 464ഉം പോയിന്റുമാണ് ജില്ല ഇതുവരെ നേടിയിട്ടുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിൽ എറണാകുളത്തിന്റെ 92 ഇനങ്ങളുടെ ഫലമറിഞ്ഞപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയുടെ 96 ഇനങ്ങളുടെ ഫലമാണ് പുറത്തു വന്നത്.
14ന് ആരംഭിച്ച കലാപൂരം ഇന്ന് കൊടിയിറങ്ങും. 945 പോയിന്റോടെ കണ്ണൂരാണ് നിലവിൽ മുന്നിൽ. 940 പോയിന്റോടെ തൃശൂരും 937 പോയിന്റോടെ പാലക്കാടും തൊട്ടുപിന്നിലുണ്ട്. 936 പോയിന്റുള്ള കോഴിക്കോടും 907 പോയിന്റുള്ള കൊല്ലവുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.