വാഹനങ്ങൾക്ക് പാർക്കാൻ ഫുട്പാത്തുകൾ !
കോഴിക്കോട്: കാൽനടയാത്രക്കാരുടെ യാത്ര മുടക്കി കോഴിക്കോട് നഗരത്തിലെ ഫുട്പാത്തുകൾ. സകല ട്രാഫിക് മര്യാദകളും ലംഘിച്ച് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ തലങ്ങും വിലങ്ങും നിർത്തിയിടുകയാണ്. ട്രാഫിക് സിഗ്നലുകളിൽ കാത്തുനിൽക്കാനുള്ള ക്ഷമയില്ലാതെ ഫുട്പാത്തുകൾ വഴി ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നതും പതിവ് കാഴ്ച. അപ്രതീക്ഷിതമായി ഫുട്പാത്തിലൂടെ പാഞ്ഞുവരുന്ന ഇരുചക്രവാഹനങ്ങൾ വൻ അപകട സാദ്ധ്യതയാണ് ഉണ്ടാക്കുന്നത്. ഫുട്പാത്ത് കൈയേറിയുള്ള പാർക്കിംഗിനെ തുടർന്ന് റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ് കാൽനടയാത്രക്കാർ. സ്വകാര്യ ബസുകളടക്കം ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങളെ ഭയന്നുവേണം ഈ സാഹസിക നടത്തം. വൃദ്ധരും കുട്ടികളും സ്ത്രീകളുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു സമീപവും മാനാഞ്ചിറ എൽ.ഐ.സിക്ക് സമീപവും പാളയത്തുമെല്ലാം ഫുട്പാത്ത് കൈയേറ്റം കാണാം. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കുറച്ചുഭാഗത്ത് നടപ്പാതയില്ല. റോഡിലൂടെ തന്നെ വേണം നടക്കാൻ. വാഹനത്തിരക്കുള്ള റോഡിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്. സമാന സാഹചര്യമാണ് പാളയം മാർക്കറ്റിന് സമീപവും. മാവൂർ റോഡ്, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ ഫുട്ട്പാത്തുകൾ കൈയേറുകയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും പാർക്ക് ചെയ്യുന്നത്. വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലെ പാർക്കിംഗ് കച്ചവടത്തെയും ബാധിക്കുന്നു. അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നോ പാർക്കിംഗ് ബോർഡുകൾക്ക് മുന്നിൽ പോലും വാഹനങ്ങൾ നിറുത്തിയിടുന്നുണ്ട്.
സുരക്ഷിതമല്ല സീബ്ര ലൈനുകളും
കോഴിക്കോട് നഗരത്തിൽ സീബ്ര ലൈനുകളും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം ഹെഡ്‌പോസ്റ്റോഫീസിന് സമീപം മദ്ധ്യവയസ്‌കൻ മരിച്ചത് സീബ്ര ലൈനിൽ വച്ച് സ്വകാര്യ ബസിടിച്ചാണ്. രണ്ടു മാസം മുമ്പ് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും സീബ്ര ലൈനിൽ വച്ച് കാറിടിച്ച് പരിക്കേറ്റയാൾ മരിച്ചിരുന്നു. കാൽനടക്കാർക്ക് കടന്നുപോകാൻ സീബ്ര ലൈനിനു സമീപം നിറുത്താൻ ഡ്രൈവർമാരിൽ ഭൂരിഭാഗത്തിനും മടിയാണ്. പുതിയ ബസ് സ്റ്റാൻഡിനു മുന്നിലെ സീബ്ര ലൈൻ മുറിച്ചുകടക്കാൻ നല്ല അഭ്യാസിയാവണം!. ഡ്യൂട്ടിയിൽ പൊലീസുകാരുണ്ടെങ്കിൽ വാഹനങ്ങൾ കൈകാണിച്ച് നിറുത്തി കാൽനടക്കാരെ കടത്തിവിടാറുണ്ട്. നഗരത്തിൽ മാനാഞ്ചിറ ഉൾപ്പെടെ പലയിടത്തും നിരവധി പെട്ടിക്കടകൾ പ്രവർത്തിക്കുന്നത് ഫുട്പാത്ത് കൈയേറിയാണ്.