മുണ്ടയ്ക്കലിലെ പുതിയ പാലം നിർമ്മാണത്തിന് വീണ്ടും ടെണ്ടർ
കൊല്ലം: കൊല്ലം തോടിന് കുറുകെ മുണ്ടയ്ക്കലിൽ പുതിയ പാലത്തിന് പൊതുമരാമത്ത് വകുപ്പ് വീണ്ടും ടെണ്ടർ ക്ഷണിച്ചു. 7.17 കോടി രൂപയാണ് നിർമ്മാണ ചെലവായി കണക്കാക്കുന്നത്. ആദ്യം ലഭിച്ച രണ്ട് ടെണ്ടറുകളിൽ ഏറ്റവും കുറഞ്ഞ തുക എസ്റ്റിമേറ്റിനെക്കാൾ 9.45 ശതമാനം കൂടുതലായതിനാലാണ് റീ ടെണ്ടർ.
വെസ്റ്റ് കോസ്റ്റ് കനാലിന്റെ നവീകരണം വൈകാതെ പൂർത്തിയാകുന്നതിന് പിന്നാലെ കൊല്ലം തോട് വഴി ജലഗതാഗതം ആരംഭിക്കും. നിലവിലെ ഉയരം കുറഞ്ഞ പാലം ജലപാത വഴിയുള്ള വലിയ യാനങ്ങളുടെ ഗതാഗതത്തിന് തടസമാണ്. ഈ പരിമിതി മറികടക്കാനാണ് മുണ്ടയ്ക്കൽ പാലം പൊളിച്ച് പുതിയത് നിർമ്മിക്കുന്നത്. രണ്ട് മാസത്തിനകം ടെണ്ടർ നടപടി പൂർത്തിയാക്കി പാലം നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. കരാർ ഉറപ്പിച്ചാലുടൻ നിലവിലെ പാലം പൊളിക്കാനുള്ള നടപടി ആരംഭിക്കും.
യാത്രാ സൗകര്യത്തോടെ പുതിയ പാലം
നലവിലുള്ള പാലത്തിന് അരനൂറ്റാണ്ട് പഴക്കവുമുണ്ട്. പാലത്തിന്റെ പഴക്കവും വീതിക്കുറവുമാണ് പുതിയ പാലം എന്ന ആവശ്യത്തിലേക്ക് നയിച്ചത്. മുണ്ടയ്ക്കൽ പാലം സ്ഥിതി ചെയ്യുന്നിടത്ത് തോടിന് 14.5 മീറ്റർ വീതിയേ ഇപ്പോഴുള്ളു. ജല നിരപ്പിൽ നിന്ന് നാല് മീറ്റർ ഉയരത്തിലാണ് നിലവിലെ പാലം. തോടിന് 19 മീറ്റർ വീതി ലഭിക്കുന്നതിന് പുറമേ ജലനിരപ്പിൽ നിന്ന് അഞ്ച് മീറ്റർ ഉയരത്തിലാകും പുതിയ പാലം നിർമ്മിക്കുക.