ഏഴംകുളം ദേവീക്ഷേത്രത്തിലെ തീർത്ഥക്കുളത്തിന് പുതിയ മുഖം

Saturday 17 January 2026 9:40 PM IST

ഏഴംകുളം : ഏഴംകുളം ദേവീക്ഷേത്രത്തിലെ പുരാതനമായ തീർത്ഥക്കുളത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു സമീപ സ്ഥലങ്ങളിലൊന്നും കാണാനാകാത്ത രീതിയിൽ പുരാതനമായ ശൈലിയിലാണ് തീർത്ഥക്കുളത്തിന്റെ പടിക്കെട്ടുകളും ചുറ്റുമതിലുമെല്ലാം നിർമ്മിക്കുന്നത് . മനോഹരമായ പടിപ്പുരയുമുണ്ടാകും. അഷ്ടമംഗല ദേവപ്രശ്നവിധിയിലാണ് പുരാതനമായ ക്ഷേത്രത്തിലെ തീർത്ഥക്കുളം പുനർനിർമ്മിക്കാൻ തീരുമാനമുണ്ടായത് . ഏഴംകുളം ദേവീക്ഷേത്ര സംരക്ഷണ സംഘടനയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .10 അടി താഴ്ചയിൽ പൂർണമായും ചെങ്കല്ലിലാണ് പടിക്കെട്ടുകളും ചുറ്റുമതിലുമൊക്കെ നിർമ്മിക്കുന്നത് .പ്രകൃതിഭംഗി കൊണ്ട് ആരുടെയും ശ്രദ്ധ ആകർഷിക്കുകയും വീഡിയോകൾക്കും റീലുകൾക്കും പ്രിയപ്പെട്ട ഇടമായി ഇതിനോടകം മാറിക്കഴിഞ്ഞ ഏഴംകുളം ദേവിക്ഷേത്രാങ്കണത്തിൽ പുരാതന ശൈലിയിൽ നിർമ്മാണം നടക്കുന്ന തീർത്ഥക്കുളം സഞ്ചാരികളെയും ആകർഷിക്കും. .ഫെബ്രുവരിയിൽ നിർമ്മാണം പൂർത്തിയാകും

പുണ്യ പുരാതനം

ക്ഷേത്രത്തിലെ ശാന്തിക്കാരന് കുളിച്ചു ശുദ്ധമായി ക്ഷേത്രത്തിൽ പ്രവേശിക്കാൻ വേണ്ടിയായിരുന്നു പുരാതന കാലം മുതൽ ക്ഷേത്രമുറ്റത്തുണ്ടായിരുന്ന ഈ കുളം നേരത്തെ ഉപയോഗിച്ചിരുന്നത് എന്നാൽ കാലക്രമേണ മറ്റ് ആളുകളും കുളം ഉപയോഗിക്കാൻ തുടങ്ങി.കന്നുകാലികളെയും കുളിപ്പിച്ചു തുടങ്ങിയതോടെ കുളം മലിനമായി . ക്രമേണ കുളം നശിച്ചു. അക്കാലത്ത് ക്ഷേത്രത്തിൽ നടന്ന ദേവപ്രശ്ന വിധി പ്രകാരം ക്ഷേത്രക്കുളം കെട്ടി സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ചു. തുടർന്ന് കുളത്തിന്റെ നടുക്ക് റിംഗുകൾ സ്ഥാപിച്ച് ചുറ്റുമുള്ള ഭാഗം മണ്ണിട്ട് മൂടി.

പടിപ്പുരയോടു കൂടി ചെങ്കല്ലുകൊണ്ടാണ് കുളം നിർമ്മിക്കുന്നത്. ഫെബ്രുവരി പത്തിനകം കുളം നിർമ്മാണം പൂർത്തീകരിക്കും

സി .പ്രമോദ് കുമാർ (ഏഴംകുളം ദേവീക്ഷേത്ര സംരക്ഷണ സംഘടന സെക്രട്ടറി)