പത്തനംതിട്ട ജനറൽ ആശുപത്രി: കെട്ടിടം പണി തീരുന്നു, ശസ്ത്രക്രിയ വിഭാഗങ്ങൾ തിരിച്ചെത്തും
പത്തനംതിട്ട : കെട്ടിടത്തിന്റെ അറ്റകുറ്രപ്പണി നടക്കുന്നതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ ശസ്ത്രക്രിയാ വിഭാഗങ്ങൾ ഉടൻ തിരിച്ചെത്തും. ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ളോക്കിന്റെ നിർമ്മാണം ഇൗ മാസം പൂർത്തിയാകും. അടുത്തമാസം മുതൽ ഇവിടെ ശസ്ത്രക്രിയ ആരംഭിക്കും. ശസ്ത്രക്രിയാ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്ന ഇൗ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായതോടെയാണ് അറ്റകുറ്രപ്പണി തുടങ്ങിയത്. ആറുമാസമായിരുന്നു നിർമ്മാണ കാലാവധി. അഞ്ച് കോടി രൂപ ചെലവിലാണ് നിർമ്മാണം.
പണി തുടങ്ങിയതോടെ ഗൈനക്കോളജി, അസ്ഥിരോഗ വിഭാഗം, ജനറൽ സർജറി, ഇ.എൻ.ടി എന്നിവയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ജനറൽ ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ മൈനർ ഓപ്പറേഷൻ തീയറ്റർ നിലനിറുത്തിയായിരുന്നു മാറ്റം.
നിർമ്മാണം അവസാനഘട്ടത്തിൽ
ബി ആൻഡ് സി ബ്ലോക്കിന്റെ പണികൾ അവസാനഘട്ടത്തിലാണ്. പതിനേഴ് വർഷം മാത്രം പഴക്കമുള്ള കെട്ടിടമാണിത്. കൊവിഡ് കാലത്ത് അമിത അളവിൽ ക്ലോറിൻ കലർത്തിയ വെള്ളം ഉപയോഗിച്ച് ഒരു ദിവസം ഒന്നിലേറെ തവണ ശുചീകരണം നടത്തിയതാണ് കെട്ടിടത്തിൽ ചോർച്ചയും ബലക്ഷയവും ഉണ്ടാകാൻ കാരണം. ,തുടർന്ന് 30 കോൺക്രീറ്റ് തൂണുകൾ പൊളിച്ചു പണിതു. മുമ്പുള്ളതിനേക്കാൾ കൂടുതൽ വ്യാപ്തിയിലാണ് പുതിയ തൂണുകൾ നിർമ്മിച്ചിരിക്കുന്നത്. ടോയ്‌ലെറ്റുകളുടെ അറ്റകുറ്റപ്പണിയും നടന്നു. റൂഫ് നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
5 കോടി രൂപയുടെ പദ്ധതി
ഈ മാസം അവസാനംതന്നെ എല്ലാ ശസ്ത്രക്രിയാ വിഭാഗങ്ങളും കോന്നിയിൽ നിന്ന് തിരിച്ചെത്തിക്കും. നിർമ്മാണം 75 ശതമാനം പൂർത്തിയായി. അവസാനഘട്ട ജോലികൾ നടക്കുകയാണ്.
ജനറൽ ആശുപത്രി അധികൃതർ