വെള്ളം കയറ്റാനും ഇറക്കാനും മാർഗമില്ല മൂന്നുകുറ്റി, കരിയിലച്ചിറ പാടത്ത് നെൽകൃഷി 'വെള്ളത്തിലായി'
പന്തളം: വെള്ളം വറ്റിക്കാനും കയറ്രാനും മാർഗമില്ലാത്തതിനാൽ മൂന്നുകുറ്റി, കരിയിലച്ചിറ പാടത്തെ 50 ഏക്കർ ഭാഗം കൃഷി നടത്താനാകാതെ തരിശിടേണ്ടിവരും. നേരത്തെ തരിശുകിടന്ന കരിയിലച്ചിറ, മൂന്നുകുറ്റി എഴുപറ, മണ്ണിക്കൊല്ല എന്നീ പാടങ്ങളിൽ മൂന്ന് വർഷം മുമ്പാണ് കൃഷി തുടങ്ങിയത് . ചേരിക്കൽ സ്വദേശികളായ മൂന്നു യുവാക്കൾ ചേർന്ന് പാടം പാട്ടത്തിനെടുത്തായിരുന്നു കൃഷി.
കാലാവസ്ഥയ്ക്കനുസരിച്ച് വെള്ളം കയറ്റിയിറക്കാൻ കഴിയാത്തത് പ്രതിസന്ധിയായിരുന്നു. പെട്ടിയും പറയും വാടകയ്‌ക്കെടുത്ത് ഡീസൽ മോട്ടോറുപയോഗിച്ച് വെള്ളം വറ്റിച്ചും പാടത്തേക്ക് കയറ്റിയുമായിരുന്നു കൃഷി. ഇതിന് ചെലവേറെയാണ്. കൊയ്ത്തും മെതിയും ഉൾപ്പെടെയുള്ളവയ്ക്കും ബുദ്ധിമുട്ടായിരുന്നു. കുഴിക്കണ്ടങ്ങളായതിനാൽ യന്ത്രങ്ങൾ ഇറക്കാനാവില്ല. യന്ത്രം ചെളിയിൽ പുതഞ്ഞുപോകും. കൊയ്ത്തും മെതിയും ഉൾപ്പെടെയുള്ള ജോലികൾ തൊഴിലാളികളായിരുന്നു. ഇതിനും ചെലവേറും. വെള്ളം മുഴുവൻ വറ്റിച്ചശേഷമേ നിലം ഒരുക്കാനാകു.
കരിങ്ങാലി പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് പാടങ്ങൾ കൃഷി ഇറക്കാതെ തരിശായി കിടക്കുകയാണ്. കൃഷിയെ സഹായിക്കാൻ കൃഷി വകുപ്പിന്റെ നിരവധി പദ്ധതികൾ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും യഥാസമയം ഇതിന്റെ പ്രയോജനം ലഭിക്കാറില്ലെന്നാണ് കർഷകരുടെ പരാതി. അടിക്കടി ഉണ്ടാകുന്ന നഷ്ടം കാരണം പലരും കൃഷി ഉപേക്ഷിക്കുന്ന സ്ഥിതിയാണ്.
വൈദ്യുതി വന്നാലേ രക്ഷയുള്ളു
ഡീസൽ ഉപയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിച്ച് പാടത്തെ വെള്ളം വറ്റിക്കുന്നതും കയറ്റുന്നതും വലിയ ചെലവാണ്. ഇൗ ഭാഗത്തേക്ക് വൈദ്യുതി ലൈൻ വലിച്ചിട്ടില്ല. ഇതുമൂലം മോട്ടോർ പ്രവർത്തിപ്പിക്കാൻ വൈദ്യുതി ലഭിക്കില്ല. വൈദ്യുതി ലൈൻ വലിക്കാൻ എംഎൽഎ ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും കെഎസ്ഇബിയിൽ തുക അടച്ചിട്ടില്ലെന്ന് കർഷകർ പറഞ്ഞു. വൈദ്യുതി ലൈൻ വലിക്കാൻ കഴിഞ്ഞാൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിച്ച് കൃഷിയാരംഭിച്ച് മഴക്കാലത്തിന് മുമ്പ് കൊയ്ത്ത് നടത്താനാകും.