ഫോറസ്റ്റ് ഗാർ‌ഡ് ട്രെയിനിംഗ് സ്കൂൾ : നടുവത്തുമൂഴിയിൽ വീണ്ടും തുടങ്ങുമോ ?

Saturday 17 January 2026 9:44 PM IST

കോന്നി: നടുവത്തുമൂഴിയിലെ ഫോറസ്റ്റ് ഗാർ‌ഡ് ട്രെയിനിംഗ് സ്കൂൾ വീണ്ടും തുടങ്ങാനുള്ള ആലോചന കടലാസിലൊതുങ്ങി. 103 വർഷം മുമ്പ് രാജഭരണകാലത്താണ് നടുവത്തുമൂഴിയിൽ സ്കൂൾ സ്ഥാപിച്ചത്. ഒൻപത് വർഷമേ പ്രവർത്തിച്ചുള്ളു. റിക്രൂട്ട്മെന്റിന് ആളുകൾ ഇല്ലാതായതോടെയാണ് പ്രവർത്തനം നിലച്ചത്. നടുവത്തുമൂഴിയിലെ പഴയ റേഞ്ച് ഓഫീസിനും ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ ബംഗ്ലാവിനും സമീപത്ത് പഴയ സ്കൂൾ കെട്ടിടത്തിന്റെ തറയുടെയും ഭിത്തിയുടെയും കുറെ ഭാഗങ്ങൾ അടുത്തകാലത്തുവരെ അവശേഷിച്ചിരുന്നു.

സ്കൂളിന് സമീപം വിദ്യാർത്ഥികൾക്ക് താമസിക്കാനുള്ള കെട്ടിടങ്ങളും ഉണ്ടായിരുന്നു. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ വനൃമൃഗശല്യം ഉണ്ടാകാതിരിക്കാൻ കെട്ടിടങ്ങൾക്ക് ചുറ്രും കിടങ്ങ് നിർമ്മിച്ചിരുന്നു.

1922 - 23 ൽ വനം വകുപ്പിന്റെ പുന:സംഘടനയോടുകൂടി വനം വകുപ്പിലെ കീഴ്ജീവനക്കാരുടെ എണ്ണം വർദ്ധിച്ചു. ഉയർന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവുവരികയും ചെയ്തു. വിവിധ ഡിവിഷനുകളിൽ താത്കാലിക വാച്ചർമാരായി ജോലിചെയ്തിരുന്ന 32 പേരെ അന്ന് സ്ഥിര നിയമനം നൽകി ഗാർഡുമാരായി നിയമിച്ചു. വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്ത അവർക്ക് പരിശീലനം നൽകാനാണ് തിരുവിതാംകൂറിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസ് ട്രെയിനിംഗ് കോളേജിന്റെ മാതൃകയിൽ നടുവത്തുമൂഴിയിൽ ഫോറസ്റ്റ് സ്കൂൾ തുടങ്ങിയത്.

11 ബാച്ചുകളിലായി 200 ഉദ്യോഗാർത്ഥികൾക്ക് ഇവിടെ പരിശീലനം നൽകിയതായി രേഖകളുണ്ട്. വനം വകുപ്പിലെ ഗാർഡുമാർക്ക് വേണ്ടിയായിരുന്നു ആദ്യ ബാച്ചുകൾ. പിന്നീട് പത്താംക്ളാസ് യോഗ്യതയുള്ള 25 വയസിൽ താഴെയുള്ള യുവാക്കൾക്കായിരുന്നു കോഴ്സ് . പൂർത്തിയാക്കിയവർക്ക് ചെങ്കോട്ട, കൊല്ലം, സെൻട്രൽ കോന്നി, നോർത്ത് മലയാറ്റൂർ, കോട്ടയം വനം ഡിവിഷനുകളിൽ ജോലിനൽകി . ചരിത്ര ഗവേഷകനായ ഡോ.അരുൺ ശശി നടുവത്തുമൂഴിയിലെ ഫോറസ്റ്റ് സ്കൂളിനെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്.

ചർച്ച നടത്തി, നടപടിയില്ല

വീണ്ടും സ്കൂൾ തുടങ്ങാൻ വനം വന്യജീവി വകുപ്പ് ആലോചനകൾക്ക് തുടക്കമിട്ടെങ്കിലും പദ്ധതി ഉപേക്ഷിച്ച മട്ടാണ്. പാലക്കാട് ജില്ലയിലെ വാളയാറിലും തിരുവനന്തപുരം ജില്ലയിലെ അരിപ്പയിലുമാണ് ഇപ്പോൾ ഫോറസ്റ്റ് ട്രെയിനിംഗ് സ്കൂളുകളുള്ളത്. നടുവത്തുമൂഴിയിലും സ്കൂൾ ആരംഭിക്കാൻ സ്ഥലസൗകര്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. പുതിയ സ്കൂൾ ആരംഭിക്കണമെന്നും ഇടയ്ക്ക് വനംവകുപ്പിൽ ആവശ്യം ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല.

വാളയാറിലും അരിപ്പയിലും

സംസ്ഥാന രൂപീകരണത്തിന് ശേഷം 1961ൽ പാലക്കാട് ജില്ലയിലെ വാളയാറിലും തിരുവനന്തപുരം ജില്ലയിലെ അരിപ്പയിലും ഫോറസ്റ്റ് സ്കൂളുകൾ ആരംഭിച്ചു. പക്ഷേ നടുവത്തുമൂഴിയിലെ സ്കൂൾ തുടങ്ങാൻ വകുപ്പുതലത്തിൽ വേണ്ടത്ര സമ്മർദ്ദം അന്നുണ്ടായില്ല.