ഓർമ്മയുടെ വഞ്ചി തുഴഞ്ഞ് നിഹാലയും ഷെഹ്നയും
കൊല്ലം: ‘'ഒപ്പം ഇല്ലെങ്കിലും ഞങ്ങളുടെ വിജയം അവൾ കാണുന്നുണ്ട്.. അന്നത്തെ സംഭവങ്ങൾ ഒന്നും ഓർക്കാനേ ഇഷ്ടപ്പെടുന്നില്ല”- നിഹാനയുടെയും ഷെഹനയുടെയും വാക്കുകൾ മുറിഞ്ഞു. നാടിനെ നടുക്കിയ മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിനുശേഷം വെള്ളാർമല ജി.വി.എച്ച്.എസ്.എസിലേക്ക് എച്ച്.എസ് വിഭാഗം വഞ്ചിപ്പാട്ടിൽ എ ഗ്രേഡ് നേടിയെടുത്തെങ്കിലും അതുകാണാൻ പ്രിയ കൂട്ടുകാരി അനാമിക ഇല്ലാത്തതിന്റെ നോവ് ഇരുവരെയും വിട്ടകന്നിരുന്നില്ല. ഒരുപക്ഷേ ഉരുൾ അവളുടെ ജീവൻ കവരാതിരുന്നെങ്കിൽ ഇന്നലെ വേദി 10ലെ സദസിൽ അവളും ഉണ്ടാകുമായിരുന്നു. വെള്ളാർമല സ്കൂളിലെ 9 ബി ക്ലാസിലെ ഉറ്റസുഹൃത്തുക്കളായിരുന്നു കെ.നിഹാല നഷീബും എ.ഷഹനയും അനാമികയും. സൗഹൃദത്തിനപ്പുറം കൂടെപ്പിറപ്പായി മാറിയവർ. ദുരന്തത്തിന് തലേന്ന് നിഹാലയും അനാമികയും സംസാരിച്ചിരുന്നു.എന്നാൽ പിന്നീട് കേട്ടത് അവളുടെ മരണവാർത്തയായിരുന്നു. # അതിജീവനത്തിന്റെ എ ഗ്രേഡ് ദുരന്തത്തിനുശേഷം ആദ്യമായാണ് സ്കൂളിൽ നിന്ന് വഞ്ചിപ്പാട്ടിൽ പങ്കെടുക്കാനെത്തുന്നത്. കുട്ടനാടൻ ശൈലിയിൽ ഇടിയൻ താളമിട്ട് “കണ്ടുകൊൾക സുയോധന വിജയന്റെ രഥം തന്നിൽ“ എന്ന് പാടിക്കയറി എ ഗ്രേഡും നേടി. സംഘത്തിലെ മറ്റുള്ളവർക്കും ഇരുൾദുരന്തം ഏൽപ്പിച്ച ആഘാതം ബാക്കിയാണ്. സ്കൂളിലെ സീനിയർ അസി.ഉണ്ണികൃഷ്ണനാണ് വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചത്. വെള്ളാർമല സ്കൂളിലെ വഞ്ചിപ്പാട്ട് സംഘത്തെ കാണാൻ മന്ത്രി കെ.രാജനും എത്തി.ഉരുളെടുത്ത വെള്ളാർമല ജി.വി എച്ച്.എസ്.എസിനുള്ള പുതിയകെട്ടിടം നിർമ്മിക്കാൻ സ്ഥലം ഏറ്റെടുപ്പ് അവസാന ഘട്ടത്തിലെന്ന് അദ്ദേഹം അദ്ദേഹം പറഞ്ഞു.