കലോത്സവത്തിൽ അഴിച്ചുപണി വരും
തൃശൂർ: അടുത്ത തവണ മുതൽ സ്കൂൾ കലോത്സവത്തിന്റെ നടത്തിപ്പിൽ കാര്യമായ അഴിച്ചുപണി കൊണ്ടുവരുമെന്ന് മന്ത്രി വി.ശിവൻകുട്ടി. തൃശൂരിലെ കലോത്സവവും വൻവിജയമാകുന്നതിന്റെ സന്തോഷത്തിലാണ് മന്ത്രി. ഇതുവരെയുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കലോത്സവത്തിൽ മാറ്റം വേണമെന്ന് തീരുമാനിച്ചതെന്ന് രാമനിലയത്തിൽ വച്ച് കേരളകൗമുദിയുമായി സംസാരിക്കവേ മന്ത്രി വ്യക്തമാക്കി.
മാറേണ്ടത് വിധി നിർണയരീതി
വിധിനിർണയ രീതികളിലാണ് മാറ്റം വരേണ്ടത്. സ്കൂൾതലം മുതൽ പരാതികളുണ്ടാകുന്നുണ്ട്. അദ്ധ്യാപകർക്കിഷ്ടമുള്ള കുട്ടികൾക്ക് മുൻഗണന കിട്ടുന്നുവെന്നതുൾപ്പെടെയാണ് പരാതി. അതിനാൽ ഡി.ഇ.ഒയുടെ നിയന്ത്രണത്തിൽ സ്കൂളുകളിൽ പുറത്തുനിന്നും അദ്ധ്യാപകനെ നിരീക്ഷകനായി നിയോഗിക്കും.
വിധിനിർണയത്തിൽ ഇടപെടുന്ന അദ്ധ്യാപകർക്കെതിരെ നടപടിയെടുക്കും. ജില്ലാതലത്തിലെ വിധിനിർണയത്തിലും മാറ്റം വരും.
ആർട്സ് സ്കൂളുകൾ വരും
കായിക രംഗത്ത് സ്പോർട്സ് സ്കൂളുകൾ പോലെ കലാകാരന്മാരെ വാർത്തെടുക്കുന്നതിനായി ആർട്സ് സ്കൂളുകൾ തുടങ്ങും.
കലാപരമായ പരിശീലനമാണ് പ്രധാനം. സാധാരണക്കാരന് നൃത്ത പഠനത്തിന്റെ ചെലവ് താങ്ങാനാകില്ല. സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് അവരെ മുൻനിരയിലെത്തിക്കാൻ ആർട്സ് സ്കൂളുകൾക്ക് കഴിയും.
തൃശൂർ കലോത്സവം സൂപ്പർഹിറ്റ്
എല്ലാവേദികളിലും ആസ്വാദകരുടെ തിരക്കാണ്. പങ്കെടുക്കുന്നവർക്കെല്ലാം താമസസൗകര്യവും ഭക്ഷണവും യാത്രാസൗകര്യവുമെല്ലാം ഒരുക്കി. വിധിനിർണയം കുറ്റമറ്റതാക്കി. കോർപ്പറേഷൻ നന്നായി സഹകരിക്കുന്നുണ്ട്. മന്ത്രിമാരായ കെ.രാജനും ആർ.ബിന്ദുവും മുഴുവൻ സമയവുമുണ്ട്.
കമ്മിറ്റി രൂപീകരിക്കും
തദ്ദേശീയ കലകൾ കാണാൻ തിരക്കേറെയാണ്.
കലയിൽ നിന്നകന്ന് നിൽക്കുന്ന ജനവിഭാഗത്തെ കലോത്സവത്തിന്റെ ഭാഗമാക്കിയതിന്റെ വിജയമാണിത്. നവോത്ഥാനത്തെ പറ്റി പറയുക മാത്രമല്ല, നടപ്പാക്കുകയും ചെയ്തു. മംഗലംകളിപോലുള്ള മത്സരഇനങ്ങളുടെ സമയം കുറയ്ക്കുന്ന കാര്യവും മറ്റേതെങ്കിലും കലാരൂപം ഉൾപ്പെടുത്തുന്ന കാര്യവും പഠിച്ച് റിപ്പോർട്ട് നൽകാൻ കമ്മിറ്റിയെ നിയോഗിക്കും.