ബുൾഡോസർ രാഷ്ട്രീയമാക്കി പവർ ലിഫ്റ്റർ മനോവ

Saturday 17 January 2026 10:15 PM IST

തൃശൂർ: ബുൾഡോസർ രാഷ്ട്രീയ ചരിത്രവും വാർത്തമാനവുമായി മുൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ മനോവ ഏകാഭിനയവേദിയിലുയർത്തിയ വാക്കുകൾക്ക്‌ നിറകൈയടി. ആദ്യമായാണ് സംസ്ഥാന കാലോത്സവ വേദിയിൽ എറണാകുളം തേവര എസ്.എച്ച്.എസ്.എസിലെ വിദ്യാർത്ഥി മനോവ ഔസേപ്പ് പുതുശേരിയിലെത്തുന്നത്. കഴിഞ്ഞ വർഷം 66 കിലോ പവർ ലിഫ്റ്റിംഗ് വിഭാഗത്തിൽ ജില്ലാ ചാമ്പ്യനായിരുന്നു.രണ്ട് ദിവസത്തിന് ശേഷം നടന്ന ഫുട്ബാൾ മത്സരത്തിനിടെ മനോവയുടെ കാലിന്റെ ലിഗമെന്റിന് പരിക്കുപറ്റി.ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചതോടെ മടക്കിവച്ച ഏകാഭിനയം മനോവ പൊടിതട്ടിയെടുത്തു. രാവും പകലും ഏകാഭിനയത്തിൽ ശ്രദ്ധയൂന്നി. ഏകാഭിനയത്തിലും കഥകളിയിലും സംസ്ഥാന കാലോത്സവ വേദികളിൽ തിളങ്ങിയിരുന്ന ജ്യേഷ്ഠൻ ക്രിസ് അഗാസി പുതുശേരിയാണ് മനോവയുടെ ആദ്യ ഗുരു. അദ്ധ്യാപക ദമ്പതികളായ നവീൻ പുതുശേരിയുടെയും റിൻസി നവീന്റെയും മകനാണ്.