ഉണ്ണിമായയുടെ 'പരിണയ' കഥ

Saturday 17 January 2026 10:26 PM IST

തൃശൂർ: ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ എം.ടിയുടെ 'പരിണയം' സിനിമ ഒരിക്കൽക്കൂടി കണ്ടതിന്റെ സന്തോഷം കാണികളിൽ നിറഞ്ഞു. കൊല്ലം ക്ളാപ്പന ഷണ്മുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ കൺമണി.ആർ.പ്രകാശ്, ചന്ദന ചന്ദ്രൻ, എ.മഹാലക്ഷ്മി, ടി.അഭിരാമി, എസ്.ആദിത്യ, എസ്.ഗായത്രി, എൽ.ദിയ എന്നിവരാണ് പരിണയം വിഷയമാക്കി ആടിയത്.

ഫ്യൂഡൽ കാലഘട്ടത്തിലെ സ്മാർത്ത വിചാരം എന്ന സാമൂഹിക തിന്മയും സ്ത്രീകൾ അനുഭവിച്ചിരുന്ന വിവേചനവും യാഥാസ്ഥിക സമൂഹത്തിലെ ചട്ടക്കൂടുകളുമെല്ലാം ഉണ്ണിമായയെന്ന പതിനേഴുകാരിയിലൂടെ അന്നേ എം.ടി വരച്ചുകാട്ടിയിരുന്നു. സിനിമയിലെ ഒട്ടുമിക്ക രംഗങ്ങളും ഇത്തിരിനേരംകൊണ്ട് സംഘനൃത്തത്തിലൊതുക്കാൻ നൃത്ത പരിശീലകരായ ജോമെന്റ് അറയ്ക്കലിനും രാഹുൽ ഉണ്ണിക്കൃഷ്ണനും കഴിഞ്ഞു. പ്രജിത്തിന്റെ വരികൾക്ക് സിനിമയിലെ സംഗീത സംവിധായകൻ അരുൺരാജ് ഈണം നൽകി. മുൻ വർഷങ്ങളിലും ക്ളാപ്പന സ്കൂൾ സംഘ നൃത്തത്തിൽ സാമൂഹിക പ്രശ്നങ്ങൾ അരങ്ങിലെത്തിച്ച് സംസ്ഥാന തലത്തിലെ എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്.