ലാലേട്ടാ, ഞങ്ങൾ വെയിറ്റിംഗിലാ...
തൃശൂർ: ലാലേട്ടനെ കാണണം, കപ്പിൽ ആര് മുത്തുമെന്നറിയണം. കലോത്സവപ്പൂരം ഇന്ന് 'ഉപചാരം ചൊല്ലു'മ്പോൾ ആകാംക്ഷയും കാത്തിരിപ്പുമാണെങ്ങും. ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള സ്വര്‍ണക്കപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൻ്റെ നിരയിലാദ്യം കണ്ണൂരും
കോഴിക്കോടും തൃശൂരുമുണ്ട്. ഇന്ന് ഉച്ചയോടെ മത്സരങ്ങൾ പൂർത്തിയാകും.
തേക്കിൻകാട് മൈതാനത്തെ എക്‌സിബിഷൻ ഗ്രൗണ്ടിൽ വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ വിശിഷ്ടാതിഥിയാകുന്നത്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് മന്ത്രി വി.ശിവൻകുട്ടിയും മോഹൻലാലും ചേർന്ന് സമ്മാനിക്കും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ.എൻ. ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി അഡ്വ. കെ. രാജൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. നൃത്തഇനങ്ങൾക്കും ആദിവാസി കലാരൂപങ്ങൾക്കും അടക്കം പ്രതീക്ഷിച്ചതിലേറെ കാണികളുണ്ടായി.