ആഞ്ഞിലുകുന്ന് ഇറക്കത്തിൽ കൈവിട്ട് അപകടങ്ങൾ, കാണാതെ അധികൃതർ

Sunday 18 January 2026 1:32 AM IST

കോന്നി: ബി.സി ലെയർ ചെയ്ത കോന്നി - അട്ടച്ചാക്കൽ - വെട്ടൂർ -കുമ്പഴ റോഡിൽ ഐറിഷ് ഓടകൾ നിർമ്മിക്കാത്ത മൂലം അപകടങ്ങൾ വർദ്ധിക്കുന്നു. അട്ടച്ചാക്കൽ വഞ്ചിപ്പടിക്കും ആഞ്ഞിലുകുന്നിനും ഇടയിലുള്ള ഇറക്കത്തിലാണ് പതിവായി അപകടങ്ങൾ ഉണ്ടാകുന്നത്. റോഡിന്റെ ഇരുവശവും കട്ടിംഗുകളാണ്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് കട്ടിംഗുകൾക്ക് വെളിയിലേക്ക് ഇറങ്ങിയാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ആഞ്ഞിലിക്കുന്ന് ഇറക്കത്തിലെ റോഡ് അരികിലുള്ള കുഴിയിൽ അടുത്തിടെ മൂന്നോളം അപകടങ്ങൾ നടന്നിട്ടുണ്ട്. അപകട സാദ്ധ്യത വർദ്ധിച്ചതിനെ തുടർന്ന് റോഡ് അരികിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.ആഞ്ഞിലിക്കുന്ന് ഇറക്കത്തിൽ കഴിഞ്ഞ ഞായറാഴ്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് പയ്യനാമൺ സ്വദേശിയായ ഇരുചക്രവാഹന യാത്രികൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവിടെതന്നെ കഴിഞ്ഞ ആഴ്ച സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞതിനെ തുടർന്ന് കോന്നി താഴം സ്വദേശിയായ പെൺകുട്ടിക്ക് പരിക്കേറ്റിരുന്നു.

റോഡ് മലയോര ഹൈവേയുടെ ഭാഗം

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ കുമ്പഴക്കും കോന്നിക്കും ഇടയിൽ ഗതാഗത തടസം ഉണ്ടായാൽ പകരം ഈ റോഡാണ് ഉപയോഗിക്കുന്നത്. റോഡിലെ കോന്നി മുതൽ ചാങ്കൂർ മുക്ക് വരെയുള്ള ഭാഗങ്ങൾ അച്ഛൻകോവിൽ ചിറ്റാർ മലയോര ഹൈവേയുടെ ഭാഗവുമാണ്. കോന്നി, മലയാലപ്പുഴ, തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന റോഡാണിത്. തങ്കി അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഈ റോഡിലൂടെയാണ് കടന്നു പോകുന്നത്.

..........................................................

റോഡിൽ ഐറിഷ് ചെയ്യാത്തതു മൂലം അപകട സാദ്ധ്യതകൾ വർദ്ധിക്കുന്നുണ്ട്. അധികൃതർ ഇടപെട്ട് അടിയന്തര പരിഹാരം കാണണം.

ഉദയൻ ഹരിത

( പൊതുപ്രവർത്തകൻ )

...........................................................

കഴിഞ്ഞിടെ ഉണ്ടായത് 3 അപകടങ്ങൾ

.........................................................

അപകട കാരണം

റോഡിലെ ചില ഭാഗങ്ങളിൽ മാത്രം ഒരു മീറ്റർ നീളത്തിൽ ഐറിഷ് ചെയ്തതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കോന്നി, മലയാലപ്പുഴ ഗ്രാമപഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന വെട്ടൂർ റേഡിയോ ജംഗ്ഷന് സമീപമുള്ള കലുങ്കിന് കൈവരികൾ ഇല്ലാത്തതും അപകട ഭീഷണിയായി മാറുന്നുണ്ട്.

.................

1. ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവ്

2. റോഡിന്റെ ഇരു വശവും കട്ടിംഗുകൾ

3. വേഗതയിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യത ഏറെ