ലാലേട്ടാ, ആ 'കാർത്തുമ്പി' ഇവിടെ !

Saturday 17 January 2026 10:35 PM IST

തൃശൂർ: കാലം 2017. മടിയിലിരുന്ന് ആ കുഞ്ഞു 'കാർത്തുമ്പി' കുസൃതിച്ചിരിയോടെ ലാലേട്ടന്റെ മീശപിരിച്ചു. കാതിൽ ആടുതോമയോടുള്ള ഇഷ്ടം ചൊല്ലി. കുട്ടിക്കൊഞ്ചലിൽ മോഹൻ ലാൽ കുലുങ്ങി ചിരിച്ചു. സ്‌നേഹത്തോടെ ചേർത്തുവച്ചു. പെരുമ്പാവൂരിൽ ഒരു ചാനൽ പരിപാടിയിൽ തേന്മാവിൻ കൊമ്പത്തെ സീനും പാട്ടുമൊക്കെ അവതിരിപ്പിച്ച കുട്ടിക്കൂട്ടത്തിന് മഹാനടൻ നൽകിയത് ജീവിതത്തിലെ അത്യപൂർവ സൗഭാഗ്യം. പഴയ 'കാർത്തുമ്പി' പിന്നീടിങ്ങോട്ട് ഒരുപാട് കഥാപാത്രങ്ങൾക്ക് ചായമിട്ടു. കൊല്ലം അഞ്ചൽ തടിക്കാട് ടി.എച്ച്.എസ്.വി.എച്ച്.എസ്.എസിലെ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിയായ ലക്ഷ്മിനന്ദ ശേഖറായി വളർന്നു. കലോത്സവത്തിലെ നിറസാന്നിദ്ധ്യമായി. ഹൈസ്‌കൂൾ വിഭാഗം മോണോ ആക്ടിൽ എ ഗ്രേഡ് നേടി. കലോത്സവ നഗരിയിൽ മോഹൻലാൽ വരുമെന്നറിഞ്ഞപ്പോൾ മുതൽ ലക്ഷ്മിയുടെ മനസിൽ ഓർമ്മകൾ പൂത്തിരിക്കുന്നു.

മടിത്തട്ടിൽ നിന്നും വെള്ളിത്തിരയിലേയ്ക്ക്

ഇഷ്‌ക്, സന്തോഷം, പൈപ്പിൻ ചോട്ടിലെ പ്രണയം, കമ്മാര സംഭവം, ബിഗ് സല്യൂട്ട് തുടങ്ങി 11 സിനിമകളിൽ അഭിനയിച്ചു. പുതിയ സിനിമകളും ഉടനുണ്ട്. ചാനൽ ഷോകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിക്കുന്നു. കഴിഞ്ഞവർഷം മോഹിനിയാട്ടത്തിന് എ ഗ്രേഡുണ്ടായിരുന്നു. ലാലേട്ടന്റെ ആരാധികയായ ലക്ഷ്മിനന്ദ ലാലിന്റെ മിക്ക കഥാപാത്രങ്ങളും അഭിനയിച്ച് കാട്ടും. റെയിൽവേ ഉദ്യോഗസ്ഥനായ രാജശേഖരൻ നായരുടെയും ഉമയുടെയും മകളാണ്. കലോത്സവ നഗരിയിൽ സമാപന സമ്മേളനത്തിന് മുഖ്യാതിഥിയായി മോഹൻലാലെത്തുമ്പോൾ, അവസരം കിട്ടിയാൽ ലക്ഷ്മിക്ക് ലാലിനെ കാണണം, കാതിൽ പറയാനൊരു രഹസ്യം മനസിൽ മീശ പിരിച്ച് നിൽപ്പുണ്ട്!.