എത്ര മനോഹരമായ ആചാരങ്ങൾ !

Saturday 17 January 2026 10:38 PM IST

തൃശൂർ: ചുട്ടുപൊള്ളുന്ന നിലത്ത്, ചെരിപ്പിടാതെ കുട്ടികൾ. പാരമ്പര്യം കൈവിടാതെ കാലിൽ മണിച്ചരടും തണ്ടയും ധരിച്ച് നടക്കുന്നു. ഇടുക്കി കുമളിയിലെ പളിയ ഗോത്രവിഭാഗങ്ങളുടെ കലാരൂപമായ പളിയ നൃത്തം ഇവർക്ക് മത്സരയിനമല്ല. അമ്മ ദൈവമായ ഏലാത്ത് പളിച്ചിയമ്മയെ സ്തുതിച്ച് സ്ത്രീകളും പുരുഷന്മാരും ഒത്തുചേർന്നാടുന്ന അനുഷ്ഠാനമാണ്. ഊരുകുടികളിൽ കാവ്, മരച്ചുവട്, മലദേവതാ സ്ഥാനങ്ങളിൽ നിന്ന് കലോത്സവ വേദികളിലേക്ക് കഴിഞ്ഞ വർഷം പളിയ നൃത്തമെത്തി. രോഗവ്യാപനത്തിൽ നിന്നുള്ള രക്ഷ, വിളവ് ലഭിക്കൽ, ദുരിതകാല രക്ഷ, ദുഷ്ടാത്മാക്കളെ അകറ്റുക എന്നിവയാണ് ഫലസിദ്ധി. കാടും മലയും മനുഷ്യനും ഒരുപോലെ ദൈവസാന്നിദ്ധ്യമായി കണക്കാക്കിയിരുന്ന ജീവിതദർശനത്തിന്റെ ശേഷിപ്പ്. കാടിനെ അമ്മയായും മലകളെ ദൈവങ്ങളായും പൂർവികരെ രക്ഷകരായും കണ്ടിരുന്ന വിശ്വാസ തുടർച്ച. മത്സരം തുടങ്ങും മുമ്പേ ആരംഭിക്കുന്ന ഗോത്രപരമായ ചടങ്ങുകൾ, പ്രാർത്ഥനകൾ. വിശ്വാസവും ചരിത്രവും സ്വത്വവും സംരക്ഷിക്കുന്ന, തലമുറകളെ ഇണക്കുന്ന, പൂർവികരെ ഓർമ്മിക്കുന്ന ആചാരങ്ങൾ. 1988ൽ പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ "ചിത്ര"ത്തിലെ വിഷ്ണു എന്ന കഥാപാത്രം പറയുമ്പോലെ "എത്ര മനോഹരമായ ആചാരങ്ങൾ". നമ്മുടെ നാടിന്റെ സാംസ്‌കാരിക വൈവിദ്ധ്യം കൂടി വെളിപ്പെടുന്നു.