എസ്.ഐ.ആറിൽ പേരില്ല.... തെളിവെടുപ്പിന് ഹാജരായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നേരിട്ടെത്തിയത് ബി.എൽ.ഒ മുമ്പാകെ
തിരുവനന്തപുരം: എസ്.ഐ.ആറിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറുടേയും കുടുംബാംഗങ്ങളുടേയും പേരില്ല. നേരത്തെ പേരുണ്ടായിരുന്നെങ്കിലും 2002ലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യാനാകാതെ വന്നതോടെയാണ് ഒഴിവാക്കപ്പെട്ടത്. തുടർന്ന് പുതുതായി പേര് ചേർക്കാൻ അപേക്ഷ നൽകിയ രത്തൻ ഖേൽക്കർ രേഖകളുമായി ഇന്നലെ ബി.എൽ.ഒ മുമ്പാകെ നേരിട്ട് ഹാജരായി.
അദ്ദേഹത്തിന്റെയും ഭാര്യ ദീപാ സമ്പത്ത്, മകൻ ദേവിക് എന്നിവരുടെയും പേരുകൾ പുതുതായി ചേർക്കാനാണ് ഫോം 6 പ്രകാരം അപേക്ഷ നൽകിയത്. തുടർന്ന് രേഖകൾ ഹാജരാക്കാൻ കവടിയാറിലെ ബി.എൽ.ഒ അർഷാദ് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ രാവിലെ നേരിട്ട് രേഖകൾ ഹാജരാക്കിയത്. മകൻ വിദേശത്തായതിനാൽ രത്തൻ ഖേൽക്കർ തന്നെയാണ് മകന്റെ രേഖയും കൈമാറിയത്.
2002ൽ ബംഗളൂരുവിലായിരുന്നതിനാൽ അന്ന് അദ്ദേഹത്തിന് വോട്ടർപട്ടികയിൽ പേരു ചേർക്കാനായിരുന്നില്ല. മാതാപിതാക്കളുടെ പേരും 2002ലെ എസ്.ഐ.ആർ വോട്ടർ പട്ടികയിൽ കണ്ടെത്താനായില്ല. തുടർന്നാണ് ഒഴിവാക്കപ്പെട്ടത്.
അർഹരായ എല്ലാവരെയും
പട്ടികയിൽ ഉൾപ്പെടുത്തും
കവടിയാറിൽ രേഖകൾ ഹാജരാക്കാനെത്തിയ ഖേൽക്കർ അവിടെ തെളിവെടുപ്പിന് എത്തിയവരുമായി സംസാരിച്ചു. പ്രശ്നങ്ങൾ മനസിലാക്കി. അർഹരായ എല്ലാ വോട്ടർമാരേയും ഫെബ്രുവരി 21ന് പുറത്തിറക്കുന്ന അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ തീവ്രശ്രമമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 22വരെയാണ് പരാതികൾ നൽകാനുള്ള അവസാന തീയതി. ഇത് നീട്ടണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും തീരുമാനമെടുക്കേണ്ടത് കേന്ദ്ര ഇലക്ഷൻ കമ്മിഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ വരെ സംസ്ഥാനത്ത് 4,11ലക്ഷം പുതിയ അപേക്ഷകളും പ്രവാസി വോട്ടർമാരുടെ 76,239 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
എസ്.ഐ.ആർ ആശയക്കുഴപ്പം:നടപടി ആവശ്യപ്പെട്ട് പ്രതിനിധി സംഘം
തിരുവനന്തപുരം: എസ്.ഐ.ആറിൽ ആശയക്കുഴപ്പം തീർക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.പി.സി.സി പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റുമാരായ എം.വിൻസന്റ് എം.എൽ.എ, മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവരടങ്ങുന്ന കെ.പി.സി.സി പ്രതിനിധി സംഘമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ.യു.കേൽക്കറോട് വിഷയം ഉന്നയിച്ചത്.
ഭൂമിശാസ്ത്രപരമായ പരിശോധനകൾ കൂടാതെയുള്ള വാർഡ് വിഭജനം കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഒരു ബൂത്തിലെ വോട്ടർമാർ പലയിടങ്ങളിലായി ചിതറി കിടക്കുകയാണെന്നും സംഘം ചൂണ്ടിക്കാട്ടി.
ഹിയറിങിന്റെ പേരിൽ വോട്ടർമാരെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്ലറിക്കൽ പിഴവുകളുടെ പേരിൽ വോട്ടർമാരെ ഹിയിറിങിന് വിളിക്കുന്നത് ഒഴിവാക്കണം. 2002ലെ പട്ടികയിൽ പേരില്ലാത്തവരിൽ രേഖകൾ നൽകിയവരെ ഹിയിറിങിന് വിളിക്കരുത്. ബൂത്ത് വിഭജനത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.