ആടിയശിഷ്ടം നെയ്യ്: കോടികളുടെ തട്ടിപ്പെന്ന് സൂചന
ശബരിമല: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വില്പനയുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ കോടികളുടെ തട്ടിപ്പ് രേഖകൾ ലഭിച്ചതായി സൂചന. ഹൈക്കോടതി നിർദ്ദേശപ്രകാരം സന്നിധാനത്തെത്തിയ വിജിലൻസിന്റെ പ്രത്യേക സംഘം രണ്ടാംദിനം നടത്തിയ പരിശോധനയിലാണിത്.
സന്നിധാനത്തെ നാലു നെയ്യഭിഷേക കൗണ്ടറുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. നെയ്യ് വില്പനയുടെ ദിനം പ്രതിയുള്ള കണക്കുകൾ സുക്ഷിച്ചിട്ടില്ല. ഇതുസംബന്ധിച്ച് നെയ്യ് പായ്ക്കിംഗ് കോൺട്രാക്ടറെയും വിജിലൻസ് സംഘം ചോദ്യംചെയ്തു. സന്നിധാനത്ത് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിൽ 13,679 പായ്ക്കറ്റ് ആടിയശിഷ്ടം നെയ്യ് വിറ്റ വകയിലുള്ള പണം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ 36,24,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിതായി ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. തുടർന്ന് ഹൈക്കോടതി എസ്.പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ സംസ്ഥാന വിജിലൻസിന്റെ പ്രത്യേക സംഘത്തെ തുടരന്വേഷണ ചുമതല ഏല്പിക്കുകയായിരുന്നു. ഈ തീർത്ഥാടന കാലത്ത് 2.30 കോടിയുടെ നെയ്യാണ് വില്പന നടത്തിയത്.