രണ്ടാഴ്ചയ്ക്കിടെ ലക്ഷം കടന്ന് പകർച്ചപ്പനി, തൊണ്ടയിലെ അണുബാധ ആശങ്ക

Sunday 18 January 2026 12:14 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ ഒരുലക്ഷം കടന്ന് പകർച്ചപ്പനി ബാധിതർ. ഇതിനൊപ്പം ശബ്ദ തടസത്തിന് ഇടയാക്കുന്ന 'ലാറിഞ്ചൈറ്റിസ്" എന്ന തൊണ്ടയിലെ അണുബാധയും വർദ്ധിക്കുന്നു. ചെറിയ പനിയാണെങ്കിലും കടുത്ത തൊണ്ടവേദന, ദിവസങ്ങളോളം ശബ്ദത്തിന് തടസം എന്നിവയാണ് ഇതുമൂലമുണ്ടാകുന്നത്. ഈ രോഗാവസ്ഥയോടെ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവർ നിരവധിയാണ്.

പകൽ കടുത്ത ചൂടും രാത്രിയിൽ തണുപ്പുമുള്ള കാലാവസ്ഥയാണ് പകർച്ചപ്പനി വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ. ഇൻഫ്ലുവൻസ വകഭേദമാണ് തൊണ്ടയിലെ അണുബാധയ്ക്കടക്കം ഇടയാക്കുന്നത്. ചുമയും കടുത്ത ക്ഷീണവും പകർച്ചപ്പനിയുടെ ലക്ഷണമാണ്. കഴി‌ഞ്ഞ 16വരെ 1.11 ലക്ഷം പേരാണ് പനിബാധിതരായി ചികിത്സ തേടിയത്. പകർച്ചപ്പനി ജീവന് അപകടമല്ലെങ്കിലും ആദ്യ മൂന്ന് ദിവസത്തിനകം കുറഞ്ഞില്ലെങ്കിൽ ഡോക്ടറെ കണ്ട് പനിക്ക് മറ്റ് കാരണങ്ങളില്ലെന്ന് ഉറപ്പാക്കണം.

എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങളും വർദ്ധിക്കുന്നു. ചൂടുകൂടിയ കാലാവസ്ഥയിൽ ഭക്ഷണം വേഗത്തിൽ കേടാകുന്നതും വൃത്തിഹീനമായ വെള്ളവും ഭക്ഷ്യവിഷബാധയ്ക്കും ഇടയാക്കുന്നു. ചൂടുതുടങ്ങിയതോടെ ചിക്കൻപോക്സും വ്യാപകമാകുന്നു.

ഒരാഴ്ച ശബ്‌ദ വിശ്രമം

തൊണ്ടവേദനയ്ക്കും ശബ്ദതടസത്തിനും ആന്റിബയോട്ടിക് അനാവശ്യമാണെന്ന് എറണാകുളം മെഡിക്കൽ സെന്ററിലെ ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ് ഡോ. വി.ഡി.പ്രദീപ് കുമാർ പറഞ്ഞു. ലാറിഞ്ചൈറ്റിസ് ബാധിച്ചാൽ ഒരാഴ്ച ശബ്ദത്തിന് വിശ്രമം നൽകണം. ചെറിയ വേദന സംഹാരിയും ആവശ്യമെങ്കിൽ ആന്റിവൈറൽ മരുന്നും കഴിക്കാം.

1.11 ലക്ഷം

പകർച്ചപ്പനി ബാധിതർ

ഡെങ്കിപ്പനി

201 പേ‌ർക്ക്, നാല് മരണം

ലക്ഷണങ്ങളോടെ

ചികിത്സയിൽ 541പേർ

എലിപ്പനി

66 പേർക്ക്, രണ്ട് മരണം

ലക്ഷണങ്ങളോടെ

ചികിത്സയിൽ 58പേർ

വയറിളക്ക രോഗം

26,941 പേർക്ക്

ചിക്കൻപോക്സ്

2,075 പേർക്ക്

(ജനുവരി 16വരെയുള്ള കണക്ക്)

മാസ്ക് വേണം, ശുചിത്വം പാലിക്കണം

 സാമൂഹിക അകലം, കൈകളുടെ ശുചിത്വം പാലിക്കണം

ജലദോഷമുള്ളവരും ആശുപത്രി സന്ദർശിക്കുന്നവരും മാസ്‌ക് ധരിക്കണം

തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം കുടിക്കണം

പനിയുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്, ഓഫീസുകളിലും നിയന്ത്രണം പാലിക്കണം