ദ്വാരപാലക ശില്പ കേസിലും തന്ത്രി റിമാൻഡിൽ
കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കവർന്ന കേസിലും തന്ത്രി കണ്ഠരര് രാജീവരെ 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി ജഡ്ജി സി.എസ്. മോഹിത് റിമാൻഡ് ചെയ്തു. വിജിലൻസ് കോടതിയിൽ വിഡിയോ കോൺഫറൻസിലൂടെ തന്ത്രിയെ ഹാജരാക്കിയാണിത്.
കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. പിന്നീടാണ് ദ്വാരപാലക ശില്പത്തിലെ സ്വർണാപഹരണവുമായി ബന്ധപ്പെട്ട കേസിൽ തന്ത്രിയുടെ പേരു ചേർത്തത്.ശബരിമല കേസുകളിലെ മുഖ്യ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹർജികൾ നാളെ കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. പോറ്റിയുടെ ജാമ്യഹർജി കഴിഞ്ഞയാഴ്ച വിജിലൻസ് കോടതി തള്ളിയിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ട പശ്ചാത്തലത്തിലാണ് വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുന്നത്. സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്നാണ് പോറ്റിയുടെ വാദം.
സ്വർണക്കൊള്ള: ശ്രദ്ധ തിരിക്കാൻ ശ്രമമെന്ന് സതീശൻ
കൊച്ചി: മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പരേതനായ പ്രയാർ ഗോപാലകൃഷ്ണനെക്കുറിച്ച് സി.പി.എം പറയുന്നത് ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിന്റെ ശ്രദ്ധ മാറ്റാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 2019 മുതൽ നടന്ന സ്വർണക്കൊള്ള, വീണ്ടും കൊള്ള നടത്താനുള്ള 2024ലെ ശ്രമം എന്നിവയെക്കുറിച്ചാണ് അന്വേഷണം. പ്രധാനപ്പെട്ട സി.പി.എം നേതാക്കൾ ജയിലിലായിട്ടും നടപടിയെടുക്കാതെ സംരക്ഷിക്കുകയാണ്. പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്തൊന്നും ഒരു വൃത്തികേടും നടന്നിട്ടില്ല. വയനാട് വീട് നിർമ്മിക്കാനുള്ള പണം പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടിലാണുള്ളത്. സ്ഥലം കണ്ടെത്താൻ സർക്കാർ ഒരു കൊല്ലമെടുത്തപ്പോഴാണ് മൂന്നര മാസം കൊണ്ട് കോൺഗ്രസിന്റെ സ്ഥലം രജിസ്റ്റർ ചെയ്തത്. ലീഗിന്റെ നൂറ് വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പാർട്ടിക്കാർ വീടുകളിൽ പോകുന്നതിൽ കുഴപ്പമില്ല. നികുതിപ്പണം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്ന് സി.പി.എം പിന്മാറിയില്ലെങ്കിൽ നിയമപരമായി നേരിടും.വർഗീയ സംഘർഷമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാർ രീതി അവലംബിക്കുന്ന മുഖ്യമന്ത്രി മതേതരത്വത്തെക്കുറിച്ച് സംസാരിച്ചതിനാണ് കാന്തപുരത്തിന്റെ കേരള യാത്രാവേദിയിൽ മറുപടി നൽകിയതെന്നും സതീശൻ പറഞ്ഞു.
പ്രഫുൽ പട്ടേൽ ശബരിമല ദർശനം നടത്തി
ശബരിമല: ലക്ഷദ്വീപ്, ദാദ്ര ആൻഡ് നാഗർ ഹവേലി, ദാമൻ ആൻഡ് ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ശബരിമല സന്ദർശിച്ചു. ഇദ്ദേഹത്തിന് പുറമെ ലക്ഷദ്വീപ് കളക്ടർ ഡോ. ഗിരിശങ്കർ, ദാമൻ കളക്ടർ സൗരഭ് മിശ്ര, സുഹൃത്ത് ഹർഷദ് കുമാർ പട്ടേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു. ശരണപാതയിലൂടെ മലകയറി സന്നിധാനത്തെത്തിയ അദ്ദേഹത്തെ ശബരിമല എ.ഡി.എം അരുൺ എസ്.നായരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പതിനെട്ടാംപടി കയറി ഭഗവാനെയും ഉപദേവന്മാരെയും തൊഴുത് മാളികപ്പുറവും സന്ദർശിച്ചു. ആദ്യമായാണ് പ്രഫുൽ പട്ടേൽ സന്നിധാനത്തെത്തുന്നത്. ഒന്നര വർഷം മുമ്പ് ഇദ്ദേഹം ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു.