ധനമന്ത്രിയുടേത് ഇരട്ടത്താപ്പ്: രമേശ് ചെന്നിത്തല
Sunday 18 January 2026 12:00 AM IST
തിരുവനന്തപുരം: ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച വാർത്ത പുറത്തുവന്നപ്പോൾ ജാള്യത മറയ്ക്കാനാണ് വാർത്താസമ്മേളനം നടത്തി ധനമന്ത്രി തകിടം മറിഞ്ഞത്. ജീവനക്കാരുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇതിൽ ആർക്കും ആശങ്ക വേണ്ടെന്നുമാണ് മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞത്. എങ്കിൽപ്പിന്നെ ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്ന് കോടതിയിൽ എന്തിനാണ് സത്യവാങ്മൂലം നൽകിയത്. സർക്കാരിന്റെ നിലപാടിൽ ജീവനക്കാർ ആശങ്കാകുലരാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.