ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ചിൽ അഞ്ചും യു.ഡി.എഫ്
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അഞ്ച് കമ്മിറ്റികളും യു.ഡി.എഫിന് സ്വന്തം. ചട്ട പ്രകാരം ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൈസ് പ്രസിഡന്റാണ്. ആദ്യം നടന്ന വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നോമിനേഷൻ നൽകാൻ സാധിച്ചില്ല. രാവിലെ 10.30ന് നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രതിനിധി വൈകിയെത്തിയതോടെ ഉള്ള്യേരി ഡിവിഷനിൽ നിന്ന് ജയിച്ച മുസ്ലിംലീഗിലെ റീമ കുന്നുമ്മൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ- വിദ്യാഭ്യാസ ചെയർപേഴ്സൺ സ്ഥാനത്തേക്ക് മേപ്പയ്യൂർ ഡിവിഷനിൽ നിന്ന് ജയിച്ച കോൺഗ്രസിലെ മുനീർ എരവത്തും മണിയൂർ ഡിവിഷനിൽ നിന്ന് ജയിച്ച സി.പി.എം പ്രതിനിധി കെ.കെ ദിനേശനും തമ്മിലായിരുന്നു മത്സരം. രണ്ടിനെതിരെ മൂന്ന് വോട്ടിന് മുനീർ എരവത്ത് ജയിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പദത്തിലേക്ക് കോൺഗ്രസിന്റെ നരിക്കുനി ഡിവിഷൻ പ്രതിനിധി ബാലാമണി ടീച്ചറും സി.പി.എമ്മിലെ പനങ്ങാട് ഡിവിഷൻ പ്രതിനിധി ശോഭ ടീച്ചറും തമ്മിലായിരുന്നു മത്സരം. രണ്ടിനെതിരെ മൂന്ന് വോട്ടുകൾക്ക് ബാലാമണി പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി. ക്ഷേമകാര്യ അദ്ധ്യക്ഷയാവാൻ ഓമശ്ശേരി ഡിവിഷനിൽ നിന്ന് ജയിച്ച മുസ്ലിംലീഗിലെ ബൽക്കീസ് ടീച്ചറും പന്തീരാങ്കാവ് ഡിവിഷനിലെ സി.പി.എം പ്രതിനിധി പി.ശാരുതിയുമായിരുന്നു രംഗത്ത്. രണ്ടിനെതിരെ മൂന്ന് വോട്ടിന് ബിൽക്കീസ് ടീച്ചർ ജയിച്ചു. ജനുവരി അഞ്ചിന് വനിത സംവരണം പൂർത്തിയായിരുന്നു. മറ്റു കമ്മിറ്റികളിലേക്കുള്ള ജയസാധ്യത ഇല്ലാതാകുന്നത് ഒഴിവാക്കാൻ ഇരു മുന്നണികളും ധനകാര്യ കമ്മിറ്റിയിലേക്ക് നോമിനേഷൻ നൽകിയിരുന്നില്ല.