വോട്ടർപട്ടികയിൽ പേരില്ല, ഹിയറിംഗിന് ഹാജരായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

Saturday 17 January 2026 11:31 PM IST

തിരുവനന്തപുരം: എസ്.ഐ.ആറിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കറുടേയും കുടുംബാംഗങ്ങളുടേയും പേരില്ല. നേരത്തെ പേരുണ്ടായിരുന്നെങ്കിലും 2002ലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യാനാകാതെ വന്നതോടെയാണ് ഒഴിവാക്കപ്പെട്ടത്. തുടർന്ന് പുതുതായി പേര് ചേർക്കാൻ അപേക്ഷ നൽകിയ രത്തൻ ഖേൽക്കർ രേഖകളുമായി ഇന്ന് ബി.എൽ.ഒ മുമ്പാകെ നേരിട്ട് ഹാജരായി.

അദ്ദേഹത്തിന്റെയും ഭാര്യ ദീപാ സമ്പത്ത്, മകൻ ദേവിക് എന്നിവരുടെയും പേരുകൾ പുതുതായി ചേർക്കാനാണ് ഫോം 6 പ്രകാരം അപേക്ഷ നൽകിയത്. തുടർന്ന് രേഖകൾ ഹാജരാക്കാൻ കവടിയാറിലെ ബി.എൽ.ഒ അർഷാദ് നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇന്ന് രാവിലെ നേരിട്ട് രേഖകൾ ഹാജരാക്കിയത്. മകൻ വിദേശത്തായതിനാൽ രത്തൻ ഖേൽക്കർ തന്നെയാണ് മകന്റെ രേഖയും കൈമാറിയത്.

2002ൽ ബംഗളൂരുവിലായിരുന്നതിനാൽ അന്ന് അദ്ദേഹത്തിന് വോട്ടർപട്ടികയിൽ പേരു ചേർക്കാനായിരുന്നില്ല. മാതാപിതാക്കളുടെ പേരും 2002ലെ എസ്.ഐ.ആർ വോട്ടർ പട്ടികയിൽ കണ്ടെത്താനായില്ല. തുടർന്നാണ് ഒഴിവാക്കപ്പെട്ടത്.

അർഹരായ എല്ലാ വോട്ടർമാരേയും ഫെബ്രുവരി 21ന് പുറത്തിറക്കുന്ന അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ തീവ്രശ്രമമാണ് നടത്തുന്നതെന്ന് രത്തൻ ഖേൽക്കർപറഞ്ഞു. ജനുവരി 22വരെയാണ് പരാതികൾ നൽകാനുള്ള അവസാന തീയതി. ഇത് നീട്ടണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും തീരുമാനമെടുക്കേണ്ടത് കേന്ദ്ര ഇലക്ഷൻ കമ്മിഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.